രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ പുലര്‍ത്തുന്ന അലംഭാവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് സമയബന്ധിതമായി വായ്പ അനുവദിക്കണമെന്ന നിര്‍ദേശം പല ബാങ്കുകളും അവഗണിക്കുകയാണ്. പുതിയ സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഡെ. ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര പറയുന്നു. വ്യവസായികളുടെ പൊതുവേദിയായ അസോചം സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മേഖലക്ക് വായ്പ അനുവദിക്കുന്നതിന്‍െറ പുരോഗതി വിലയിരുത്താന്‍ ഗവണ്‍മെന്‍റ്, വിവിധ ബാങ്കുകള്‍ എന്നിവരുമായി സഹകരിച്ച് പ്രത്യേക ഓണ്‍ലൈന്‍ വേദി സ്ഥാപിക്കാനും റിസര്‍വ്ബാങ്ക് നീക്കം ആരംഭിച്ചിട്ടുണ്ട്. ചെറുകിട സംരംഭകരുടെ വായ്പാ അപേക്ഷകളുടെ ഗതി, അനുവദിച്ച വായ്പകള്‍ തുടങ്ങിയവയുടെ പുരോഗതി ഓണ്‍ലൈനായി നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനാണ് ഇത്. ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്ന് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടാനും പദ്ധിയുണ്ട്.
ഇപ്പോള്‍ പല ബാങ്ക് മാനേജര്‍മാരും ചെറുകിട സംരംഭകരുടെ വായ്പാ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് എട്ടൊമ്പത് മാസം സമയമെടുക്കുന്ന കാര്യവും ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പലപ്പോഴും വായ്പ അനുവദിക്കുന്നതിനുള്ള അധികാരം ബ്രാഞ്ച് മാനേജര്‍മാരില്‍നിന്ന് മുകള്‍തട്ടിലുള്ള മാനേജര്‍മാരിലേക്ക് മാറ്റുന്നതാണ് കാരണം. ഇതിനുപകരം, ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള അധികാരം ബ്രാഞ്ച് മാനേജര്‍മാരില്‍ നിക്ഷിപ്തമാക്കുകയും സമയബന്ധിതമയി ഇത്തരം വായ്പകള്‍ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന നിര്‍ദേശവും ഗവണ്‍മെന്‍റ് തലത്തില്‍ പരിഗണനയിലുണ്ട്.
അതേസമയം, മൂന്നു ‘സി’കളെ ഭയന്നാണ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നതെന്നാണ് വ്യവസായികളുടെ വിലയിരുത്തല്‍. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി), സി.ബി.ഐ, സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍ (സി.വി.സി) എന്നിവരുടെ ഇടപെടലുകളെ ബാങ്കുകള്‍ വല്ലാതെ ഭയപ്പെടുന്നതായും ഇവര്‍ വിശദീകരിക്കുന്നു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളും ആശങ്കകളും ബാധകമാകുന്നുമില്ല. സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്ന വായ്പയുടെ തിരിച്ചടവ് മൂന്നു മാസത്തിലധികം മുടങ്ങിയാല്‍ അത് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് നടപടികളെടുക്കും. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന വായ്പകള്‍ വര്‍ഷങ്ങളോളം തിരിച്ചടക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെ ബാങ്കിങ് മേഖലയെ വെല്ലുവിളിക്കുകയാണെന്നും അസോചം ആരോപിക്കുന്നു.
പുലിവാല്‍ പിടിക്കാനില്ല –ബാങ്കുകള്‍
വീട്ടില്‍ കേക്കുണ്ടാക്കി സൈക്കിളില്‍ വിറ്റ് നടക്കുന്നയാള്‍ പെട്ടെന്ന് വാഹനം വാങ്ങി കച്ചവടം വിപുലീകരിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്‍െറ ടി.വി പര്യസങ്ങളില്‍ ഒന്ന്. അതിന് അയാളെ സഹായിച്ചതാകട്ടെ പ്രധാനമന്ത്രിയുടെ മുദ്ര വായ്പയും. സംസ്ഥാനത്തെ റോഡുകളില്‍ സര്‍വിസ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ പിന്‍ഭാഗത്ത് നോക്കിയാലും ഇതേ പരസ്യം കാണാം. എന്നാല്‍, ഇതുകണ്ട് ആവേശംമൂത്ത് ചെറുകിട വ്യാപാരികളും സംരംഭകരും കേരളത്തിലെ ബാങ്കുകളിലേക്ക് പോയാല്‍ വണ്ടിക്കൂലി പോകുമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമുണ്ടാകില്ല. ഈടില്ലാതെ വായ്പ നല്‍കാന്‍ തങ്ങളില്ളെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബാങ്കുകളില്‍ അധികവും.
ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിന് ഈട് വേണ്ടാതെ നല്‍കുന്നതാണ് മുദ്ര വായ്പ. 2015 ഏപ്രിലിലാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനിടെ മുദ്ര പദ്ധതിക്ക് കീഴിയില്‍ 1.28 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും ഇതില്‍ 1.22 ലക്ഷം കോടി രൂപ വിതരണം ചെയ്തെന്നുമൊക്കെയാണ് അവകാശവാദം. ഒന്നരക്കോടി പുതിയ സംരംഭകര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിച്ചുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഈ കണക്കെല്ലാം കേരളത്തിന് വെളിയിലുള്ള കാര്യമാണെന്നും കേരളത്തിലെ ബാങ്കുകള്‍ ഇതുമായി ഒരുതരത്തിലും സഹകരിക്കുന്നില്ളെന്നുമാണ് സംരംഭകരുടെ പരാതി. മുദ്ര വായ്പക്കുള്ള അപേക്ഷാ ഫോറം വാങ്ങാന്‍ ചെല്ലുമ്പോള്‍ മുതല്‍ നിരുത്സാഹപ്പെടുത്തല്‍ തുടങ്ങുന്നു. ഈടില്ലാതെ വായ്പ നല്‍കിയാല്‍ തിരിച്ചുകിട്ടില്ളെന്നാണ് ബാങ്ക് മാനേജര്‍മാരുടെ വാദം.
സര്‍ക്കാറിന്‍െറ വാക്ക് വിശ്വസിച്ച് ഈടില്ലാതെ വിദ്യാഭ്യാസവായ്പ നല്‍കിയ പല മാനേജര്‍മാരും പുലിവാല്‍ പിടിച്ചിട്ടുണ്ടെന്നും മിക്കവര്‍ക്കും വിരമിക്കല്‍കാലത്തെ ആനുകൂല്യങ്ങള്‍പോലും ലഭിച്ചിട്ടില്ളെന്നും വായ്പ നിഷേധിക്കുന്നതിനുള്ള ന്യായമായി ബാങ്ക് മാനേജര്‍മാര്‍ വിശദീകരിക്കുന്നു.
മുദ്ര വായ്പ തേടി ബാങ്ക് ശാഖകളില്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞവര്‍ പ്രതിഷേധത്തിലാണ്. ഈ പദ്ധതിയിന്‍കീഴിലുള്ള വായ്പ നിഷേധിക്കപ്പെട്ടവരുടെ സംഗമം ഈമാസം 24ന് കൊച്ചിയില്‍ നടക്കും. വായ്പ നിഷേധിക്കപ്പെട്ടവരില്‍നിന്ന് പരാതി സ്വീകരിച്ച്, നിയമനടപടി സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടിക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.