വായ്പ അടച്ചുതീർത്തവരുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തണം -ഹൈകോടതി

കൊച്ചി: ധനസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ അടച്ചു തീർത്താൽ ആ വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകണമെന്ന് ഹൈകോടതി. ഒരു വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് (സിബിൽ സ്കോർ) തെറ്റായി രേഖപ്പെടുത്തുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളായ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണ്. വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപേരിനെ ബാധിക്കുന്നത് മൗലികാവകാശ ലംഘനമാകുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വായ്പയെടുത്ത ധനസ്ഥാപനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വ്യക്തിഗത ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുംബൈ ആസ്ഥാനമായ ട്രാൻസ് യൂനിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിർദേശം.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് നിയന്ത്രണ നിയമ പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗങ്ങളായ ധനസ്ഥാപനങ്ങളിൽനിന്ന് വിവരം ശേഖരിക്കുമ്പോൾ വായ്പയുടെ വിവരങ്ങൾ നൽകണമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് റിപ്പോർട്ട് പുതുക്കണമെന്നുമാണ് വ്യവസ്ഥ.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനസ്ഥാപനത്തിൽനിന്ന് വിവരം സമാഹരിച്ചശേഷം റിപ്പോർട്ട് പുതുക്കാതിരിക്കുന്നതും ഇതുമൂലം വ്യക്തികളുടെ സൽപേര് കളങ്കപ്പെടാൻ ഇടയാകുന്നതും ശരിയായ നടപടിയല്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. തുടർന്നാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് അപ്പീൽ ഹരജി തള്ളിയത്.

Tags:    
News Summary - Credit rating of defaulters should be corrected - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.