ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കിങ് ഉപയോക്താകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാറിന് കീഴിലുള്ള സൈബർ സുരക്ഷ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ബാങ്കിങ് ഉപയോക്താക്കളുടെ നിർണായക വിവരങ്ങൾ ചോർത്താൻ ഫിഷിങ് അറ്റാക്കിന് ഹാക്കർമാർ തയാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്‍റർനെറ്റ് ബാങ്കിങ് വിവരങ്ങൾ, ഒ.ടി.പി, മൊബൈൽ നമ്പർ എന്നിവയാണ് ഇത്തരത്തിൽ ചോർത്തുക.വ്യാജ ഇടപാടുകൾ നടത്താനാണ് വിവരങ്ങൾ ചോർത്തുന്നത്.
എൻഗ്രോക് പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചാണ് ഫിഷിങ് ശ്രമം നടക്കുന്നത്. ഇന്ത്യയിലെ ബാങ്കിങ് വെബ്സൈറ്റുകളാണ് പ്രധാനമായും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അതിനാൽ ബാങ്കിങ് ഉപയോക്താക്കൾ ഹാക്കിങ്ങിന് വിധേയമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഉപഭോക്താക്കൾ വ്യാജ എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ അയച്ചാവും തട്ടിപ്പ് നടത്തുക. ഇത്തരം എസ്.എം.എസിന്‍റെ മാതൃകയും സൈബർ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്.
പ്രിയ ഉപഭോക്താവെ നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നു. കെ.വൈ.സി പുതുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫിഷിങ് സൈറ്റിലേക്ക് എത്തുന്നു. ഈ സൈറ്റിന്‍റെ സഹായത്തോടെ ഉപഭോക്താക്കളുടെ നിർണായക വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. സംശയാസ്പദമായ നമ്പറുകളിൽ നിന്ന് വരുന്ന എസ്.എം.എസുകൾക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് സൈബർ വിദഗ്ധർ നൽകുന്ന പ്രധാന മുന്നറിയിപ്പ്. ഉപയോക്താക്കൾക്ക് എസ്.എം.എസിൽ തന്നിട്ടുള്ള യു.ആർ.എൽ സത്യമാണോയെന്ന് ഗൂഗ്ളിൽ നേരിട്ട് സേർച്ച് ചെയ്തും മനസിലാക്കാം. തെറ്റായ സ്പ്പെല്ലിങ്ങുള്ള ലിങ്കുകൾ വ്യാജമാവാനുള്ള സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.