ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും 50,000 രൂപക്കും അതിനു മുകളിലുള്ള ബാങ്ക് ഇടപാടുകൾക്കും കേന്ദ്ര സർക്കാർ ആധാർ കാർഡ് നിർബന്ധമാക്കി. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31-നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടുകൾ അസാധുവാകുമെന്നും കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു. ഇനിമുതൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ആധാർ കാർഡ് നിർബന്ധമാണ്.
പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ജൂലൈ മുതൽ ആധാർ നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനു തൊട്ടുപിറകെയാണ് കേന്ദ്ര തീരുമാനം. 2005ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാറിെൻറ വിജ്ഞാപനം. ഇൗ വർഷത്തെ ബജറ്റിലും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനും ആധാർ നമ്പർ നികുതി വകുപ്പിനെ അറിയിക്കാനും നിർദേശമുണ്ടായിരുന്നു. അതേസമയം, നിലവിൽ ആധാർ ഇല്ലാത്തവരുടെ പാൻ കാർഡ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അസാധുവാകില്ല.ബാങ്കുകളിലെ ചെറുകിട അക്കൗണ്ടുകളെ നിരുത്സാഹപ്പെടുത്താനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
ഇതുപ്രകാരം കോർ ബാങ്കിങ് സംവിധാനങ്ങളില്ലാത്ത ബാങ്കുകളിൽ ഇടപാടുകാരനെ തിരിച്ചറിയാനുള്ള രേഖകളില്ലെങ്കിൽ ആ അക്കൗണ്ടിലൂടെ 50,000 രൂപക്കു മുകളിലുള്ള ഇടപാട് നടത്താനാവില്ല. ഇത്തരം അക്കൗണ്ടുകളിലേക്ക് വിദേശത്തുനിന്ന് പണം എത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.
തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്ന് സംശയമുണ്ടായാൽ കൃത്യമായ ഒൗദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാതെ ഇടപാടുകാരന് പണം നൽകരുത്.കൂടാതെ ആധാർ കാർഡിനും പാൻ കാർഡിനും അർഹതയുള്ള ഒരു ഇടപാടുകാരൻ മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെങ്കിൽ അക്കൗണ്ട് തുടങ്ങി ആറു മാസത്തിനകം ഇവ രണ്ടും ബാങ്കിൽ സമർപ്പിക്കണം. കമ്പനികളാണ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതെങ്കിൽ മാനേജർമാരുടെയോ ബാങ്ക് ഇടപാടുകൾക്ക് ചുമതലപ്പെടുന്ന ജീവനക്കാരെൻറയോ ആധാർ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.