തൃശൂർ: ധനലക്ഷ്മി ബാങ്കിൽ ചെയർമാൻ സജീവ് കൃഷ്ണന് പിന്നാലെ സ്വതന്ത്ര ഡയറക്ടർ കെ.എൻ. മുരളിയും അഡീഷനൽ ഡയറക്ടർ ജി. വെങ്കിട്ടനാരായണനും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഇവർ രാജിവെച്ചതായി ബാങ്ക് ബോർഡ് സെക്രട്ടറി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനെയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിനെയും അറിയിച്ചു.
ഉന്നതതലത്തിലെ രാജി ആവർത്തിച്ചതോടെ ഇടക്കാലത്തിന് ശേഷം ധനലക്ഷ്മി ബാങ്ക് വീണ്ടും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഒരു കാലത്ത് 10 പേർ വരെയുണ്ടായിരുന്ന ഡയറക്ടർ ബോർഡിൽ ഇനി എം.ഡി ഉൾപ്പെടെ മൂന്ന് ഡയറക്ടർമാർ മാത്രമാണ് ഉള്ളത്.
ബാങ്കിനെ ഗുരുതരാവസ്ഥയിൽനിന്ന് കര കയറ്റിയാണ് സജീവ് കൃഷ്ണൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. ഇപ്പോൾ ഒഴിഞ്ഞ മൂന്ന് പേരും സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ വലിയ ചുമതല വഹിച്ചവരാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ബാങ്ക് പറയുന്നതെങ്കിലും പഴയ പ്രശ്നങ്ങൾ ഇപ്പോഴും പുകയുന്നുവെന്നാണ് ആക്ഷേപം.
ചെയർമാനായിരുന്ന ജയറാം നായർ, എം.ഡിയായിരുന്ന ടി. ലത, ഡയറക്ടറായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മറ്റൊരു ഡയറക്ടറായിരുന്ന ആസൂത്രണ ബോർഡ് മുൻ അംഗം കെ. വിജയരാഘവൻ എന്നിവർ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നേരത്തെ രാജിവെച്ചിരുന്നു.
റിസർവ് ബാങ്കിെൻറ നോമിനിയായിരുന്ന ഇ. മാധവനും ഇടക്കാലത്ത് രാജിവെച്ചു. കെ. ജയകുമാർ എല്ലാ ഡയറക്ടർമാർക്കും രൂക്ഷമായ ഭാഷയിൽ കത്തെഴുതിയാണ് രാജിവെച്ചത്. ബാങ്കിെൻറ അധഃപതനത്തിന് ഒരു ഉന്നതനെതിരെ കടുത്ത വിമർശനവും ആക്ഷേപവും ഉന്നയിച്ച കത്തിൽ ആ വ്യക്തിക്ക് വഴങ്ങാത്തവരെ പുറന്തള്ളുമെന്ന് സൂചിപ്പിച്ചിരുന്നു.
സജീവ് കൃഷ്ണെൻറ നേതൃപാടവത്തിൽ ഇടക്കാലത്ത് അടക്കിവെച്ച പ്രശ്നങ്ങൾ അദ്ദേഹത്തിന് തന്നെ കളം കാലിയേക്കണ്ട തരത്തിൽ ഇപ്പോഴും ബാങ്കിൽ അവശേഷിക്കുന്നുവെന്നാണ് പുതിയ രാജി സൂചിപ്പിക്കുന്നത്. ആക്ഷേപം നേരിടുന്ന ഉന്നതൻ നീട്ടിക്കിട്ടിയ കാലാവധിയിൽ ബാങ്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.