ന്യൂഡൽഹി: യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് റിലയൻസ് ഗ്രൂപ് മേധാവി അനിൽ അംബാനിക്ക് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മുംബൈയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിൽ നിന്ന് അനിൽ അംബാനിയുടെ കീഴിലെ സ്ഥാപനങ്ങൾ വായ്പയെടുക്കുകയും തിരിച്ചടവിൽ വീഴ്ചവരുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എൻഫോഴ്സമെന്‍റ് അന്വേഷിക്കുന്നത്.
അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കൂടുതൽ സമയം അനിൽ അംബാനി ആവശ്യപ്പെട്ടതായാണ് വിവരം. റിലയൻസ് ഗ്രൂപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും.
യെസ് ബാങ്കില്‍ നിന്ന് തന്‍റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്നും പൂര്‍ണമായും സുരക്ഷിതമാണ് ആ വായ്പയെന്നും അനില്‍ അംബാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യെസ് ബാങ്ക് മുന്‍ സി.ഇ.ഒ റാണ കപൂറുമായോ ഭാര്യ, പെണ്‍മക്കള്‍ എന്നിവരുമായോ തങ്ങള്‍ക്കു ബന്ധമില്ലെന്നും ഗ്രൂപ്പ് അറിയിച്ചു.
അനില്‍ അംബാനി ഗ്രൂപ്പിന്‍റെ ഒമ്പത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ വായ്പയെടുത്തത് കുടിശ്ശിക വരുത്തിയിട്ടുണ്ട്. 10 വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 44 കമ്പനികളാണ് യെസ് ബാങ്കിന്‍റെ 34,000 കോടി രൂപയുടെ മോശം വായ്പയ്ക്ക് കാരണമായത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ കഴിഞ്ഞയാഴ്ച എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.