ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. കേന്ദ്രബാങ്കിന്റെ പണനയ കമിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിശ്ചയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇനിയും എത്താത്ത സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ തീരുമാനം
പണനയ യോഗത്തിലെ ആറിൽ നാല് പേരും റിപ്പോ നിരക്ക് മാറ്റാതെ തുടരുന്നതിനെ അനുകൂലിച്ചുവെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിച്ചതിന് ശേഷം മാത്രമേ നയംമാറ്റം പരിഗണിക്കാനാവുവെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നത് വെല്ലുവിളിയായി ആർ.ബി.ഐ വിലയിരുത്തിയിട്ടുണ്ട്. ഇത് ആർ.ബി.ഐയുടെ നയത്തിൽ പ്രതിഫലിച്ചു. 2023 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ക്രമാനുഗതമായി ഉയർത്തി ആർ.ബി.ഐ അത് 6.5 ശതമാനത്തിൽ എത്തിച്ചിരുന്നു.
പിന്നീട് കേന്ദ്രബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ജൂണിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനെ തുടർന്ന് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.1 ശതമാനമായി ഉയർന്നിരുന്നു. മെയിൽ 4.8 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പമാണ് 5.1 ആയി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.