കഴിഞ്ഞ വർഷം കിട്ടാക്കടമായി ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ). വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം ആർ.ബി.ഐ വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയത്.

ആർബിഐയുടെ വിവരാവകാശ മറുപടി പ്രകാരം, മുൻവർഷ​ത്തേക്കാൾ 20 ശതമാനം കൂടുതലാണ് ഇത്തവണ എഴുതിത്തള്ളിയ തുക. 2022 മാർച്ചിൽ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയത്. ഇത്തവണ 34,178 കോടി കൂടുതലായി 2.09 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തികവർഷം വരെയുള്ള 10 വർഷത്തിനിടെ 15,31,453 കോടി രൂപയു​ടെ കിട്ടാക്കടമാണ് ഇന്ത്യയി​ലെ ബാങ്കുകൾ എഴുതിത്തള്ളിയത്.

ഈ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കണക്കില്‍ തുടരുമെങ്കിലും ഇവയുടെ വീണ്ടെടുക്കൽ പ്രയാസകരമാണ്. മൂന്നു വര്‍ഷത്തിനിടെ എഴുതിത്തള്ളിയ 5,86,891 കോടി രൂപയില്‍ 1.09 ലക്ഷം കോടി രൂപമാത്രമാണ് തിരിച്ചു പിടിക്കാനായത്. 2021 സാമ്പത്തിക വര്‍ഷം 30,104 കോടി രൂപയും 2022ല്‍ 33,354 കോടിയും 2023ല്‍ 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്.

കിട്ടാക്കടത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തി വായ്പ എഴുതിത്തള്ളുന്നതോടെ ബാങ്കിന്റെ ലാഭത്തിൽനിന്ന് ഈ തുക കുറഞ്ഞതായി കാണിക്കും. ഇപ്രകാരം നിഷ്‌ക്രിയ ആസ്തികളുടെ തോത് കുറച്ചാൽ ബാങ്ക് നൽ​കേണ്ടിവരുന്ന നികുതിയിലും കുറവ് വരും. ഇതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ ഒരുഭാഗം ബാങ്കുകള്‍ വര്‍ഷംതോറും എഴുതിത്തള്ളുന്നത്. അതേസമയം, ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് ബാങ്കുകളോ റിസർവ് ബാങ്കോ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Banks write off bad loans worth Rs 2.09 lakh crore in 2022-23: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.