ന്യൂഡൽഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവയുടെ സ്വകാര്യവൽക്കരണമായിരിക്കും നടപ്പിലാക്കുക. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.
പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക.
2021-22 വർഷത്തെ ബജറ്റിൽ രണ്ട് ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഇതിനൊപ്പം പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഭേദഗതി ബില്ലും കേന്ദ്രസർക്കാർ കൊണ്ട് വരും. നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിനെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നും വേർപ്പെടുത്താനാണ് ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.