പാലക്കാട്: പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങ ൾക്കുള്ള പലിശനിരക്ക് വെട്ടിക്കുറക്കുകയും ട്രഷറി നിക്ഷേപങ്ങളുടെ പലിശനിരക്ക് ക ുത്തനെ ഉയർത്തുകയും ചെയ്തതോടെ ഇടപാടുകാർ സഹകരണ സ്ഥാപനങ്ങളെ കൈയൊഴിയുന്നു. സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന ഉയർന്ന പലിശയായിരുന്നു സഹകരണ സ്ഥാപനങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചിരുന്നത്. പലിശനിരക്ക് വാണിജ്യ ബാങ്കുകളിലേതിന് തുല്യമാക്കി ഏകീകരിക്കണമെന്ന ആവശ്യം സംസ്ഥാന ബാങ്കിങ് അവലോകന സമിതി യോഗങ്ങളിൽ നിരന്തരം ഉയർന്നിരുന്നു. പലിശ നിർണയ ഉപസമിതിയുടെ ശിപാർശ പ്രകാരം കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നിരക്ക് പുതുക്കി സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ഇതുപ്രകാരം സംസ്ഥാന സഹകരണ ബാങ്കിനും ജില്ല ബാങ്കുകൾക്കും രണ്ടുവർഷവും അതിന് മുകളിലുമുള്ള നിക്ഷേപങ്ങൾക്കുണ്ടായിരുന്ന 7.25 ശതമാനം പലിശനിരക്ക് ഏഴു ശതമാനമായി കുറച്ചു. സർവിസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ പ്രാഥമിക സംഘങ്ങളുടെ പലിശനിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.50 ശതമാനമായും താഴ്ത്തി.
അതേസമയം, ട്രഷറി സ്തംഭനം ഒഴിവാക്കാൻ സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് ഉയർത്തുകയെന്ന തന്ത്രമാണ് നവംബർ ഒന്നുമുതൽ സർക്കാർ പയറ്റാൻ പോകുന്നത്. ട്രഷറി സ്ഥിരനിക്ഷേപത്തിന് ഒരുവർഷത്തിന് മുകളിൽ 8.5 ശതമാനവും 181 ദിവസം മുതൽ 365 ദിവസം വരെ എട്ടു ശതമാനവും 91 ദിവസം മുതൽ 180 ദിവസം വരെ 7.25 ശതമാനവും 46 ദിവസം മുതൽ 90 ദിവസം വരെ 6.5 ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പൂർണ ഗാരൻറിയടക്കം ട്രഷറി നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ഉയർത്തിക്കാണിച്ച് സർക്കാർ വ്യാപക പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
കേരള ബാങ്കിെൻറ പലിശനിരക്കിന് ആനുപാതികമായി സർവിസ് ബാങ്കുകളുടെ പലിശനിരക്ക് കുറയുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കെയാണ് സഹകരണ മേഖലക്ക് ഇരുട്ടടിയായ സർക്കാർ തീരുമാനം. നിലവിൽ ട്രഷറിയും സഹകരണ ബാങ്കുകളും തമ്മിൽ നിക്ഷേപങ്ങൾക്കുള്ള പലിശയിൽ 0.25 ശതമാനം മുതൽ ഒരു ശതമാനം വരെ വ്യത്യാസമുണ്ട്. ട്രഷറികൾക്ക് വായ്പ നൽകേണ്ടതില്ല. എന്നാൽ, സഹകരണ സ്ഥാപനങ്ങൾക്ക് വായ്പക്കനുസരിച്ചു മാത്രമേ നിക്ഷേപത്തിന് പലിശ നൽകാൻ സാധിക്കൂ. കോഒാപറേറ്റിവ് അർബൻ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന ഉയർന്ന നിരക്കിലുള്ള പലിശയും സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നു. സഹകരണ വകുപ്പ് തീരുമാനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും നവതലമുറ ബാങ്കുകൾക്കും സഹായകരമാവുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.