തൃശൂർ: ചെറിയ ഇടവേളക്ക് ശേഷം പഴയ തലമുറ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ വീണ്ടും അസ്വസ്ഥത തല പൊക്കുന്നു. ഈ മാസം 29ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളുടെ ഭാഗത്തുനിന്നുള്ള ചിലരെ സ്ഥാനാർഥിത്വത്തിൽനിന്ന് ബാങ്ക് ബോർഡ് ഏകപക്ഷീയമായി ഒഴിവാക്കിയെന്ന ആക്ഷേപമാണ് പുതിയ തർക്കത്തിന് ഇടയാക്കിയത്. ഇതിനെതിരെ ഓഹരി ഉടമകളിൽ ചിലർ ഹൈകോടതിയെ സമീപിച്ചു.
പ്രധാന ഓഹരി ഉടമകളായ വ്യവസായി രവി പിള്ള അടക്കമുള്ളവർ ഡയറക്ടർ സ്ഥാനത്തേക്ക് നൽകിയ അപേക്ഷ നിരസിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കെ.എൻ. മധുസൂദനൻ, പി. മോഹനൻ, ഡി.എൽ. പ്രകാശ് എന്നിവരാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. റിസർവ് ബാങ്കിനെയും ധനലക്ഷ്മി ബാങ്കിനെയും എതിർ കക്ഷികളാക്കി ഇവർ സമർപ്പിച്ച ഹരജിയിൽ, കമ്പനി നിയമം സെഷൻ 160 പ്രകാരം തങ്ങളുടെ സ്ഥാനാർഥിത്വം അംഗങ്ങളെ അറിയിക്കണമെന്നാണ് ആവശ്യം. രവി പിള്ളക്കും കോടതിയെ സമീപിച്ച മൂന്ന് പേർക്കും പുറമെ മുമ്പ് സ്വതന്ത്ര ഡയറക്ടറായിരുന്ന പി.കെ. വിജയകുമാറിെൻറ സ്ഥാനാർഥിത്വ അപേക്ഷയും നിരസിച്ചിട്ടുണ്ട്.
മോഹനൻ, പ്രകാശ് എന്നിവരുടെ നാമനിർദേശ പത്രിക ബാങ്കിെൻറ 'നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി' കഴിഞ്ഞ ജൂലൈ 23ന് അംഗീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസർവ് ബാങ്കിെൻറ രണ്ട് പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങൾ മാത്രമുള്ള ബോർഡാണ് നിലവിലുള്ളതെന്നും അവർക്ക് തന്നിഷ്ടപ്രകാരം കാര്യങ്ങൾ നീക്കാനാണ് ഇവർ ബോർഡിലേക്ക് വരുന്നത് തടയാൻ ശ്രമിക്കുന്നത് എന്നുമാണ് നിയമ നടപടിയിലേക്ക് കടന്നവർ പറയുന്നത്.
2020 മേയ് വരെ ഡയറക്ടറായിരുന്ന രവി പിള്ളക്ക് ബാങ്കിൽ 10 ശതമാനം ഓഹരിയുണ്ട്. 70 വയസ്സ് പൂർത്തിയായതിനാൽ അദ്ദേഹത്തിന് പിൻവാങ്ങേണ്ടി വന്നതാണെങ്കിലും പിന്നീട് റിസർവ് ബാങ്ക് ചെയർമാൻ അടക്കമുള്ള നോൺ-എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ പ്രായപരിധി 75 ആക്കി ഉയർത്തിയിരുന്നു. കേസിൽ എതിർകക്ഷിയായ ഡയറക്ടർ സി.കെ. ഗോപിനാഥനും രണ്ട് കുടുംബാംഗങ്ങൾക്കും കൂടി 10 ശതമാനത്തോളം ഓഹരിയുണ്ട്. വ്യവസായി എം.എ. യൂസഫലിയും ധനലക്ഷ്മി ബാങ്ക് ഓഹരിയുടമയാണ്. ഏറെക്കാലം കുഴപ്പത്തിലായിരുന്ന ബാങ്കിെൻറ എം.ഡിയായി എസ്.ബി.ഐയിൽനിന്നുള്ള ജെ.കെ. ശിവൻ എത്തിയശേഷം തർക്കങ്ങൾക്ക് നേരിയ ശമനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.