തൃശൂർ: ‘നോട്ടി’നുപകരം കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്ത ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കറൻസി വിനിയോഗം പരമാവധി കുറക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികളൊന്നും വേണ്ടത്ര ഫലം കണ്ടില്ല. ഇടപാടുകൾ സ്തംഭിക്കാതിരിക്കാൻ പണം അച്ചടി വേഗത്തിലാക്കേണ്ട അവസ്ഥയാണ്. 2016 നവംബർ എട്ടിന് പിൻവലിച്ച നോട്ടിൽ 86 ശതമാനവും പ്രചാരത്തിൽ തിരിച്ചെത്തിയിട്ടുമുണ്ട്.
500, 1000 രൂപ നോട്ട് അസാധുവാക്കുേമ്പാൾ രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 86 ശതമാനം; 15.29 ലക്ഷം കോടി രൂപ ജൂൺ മധ്യത്തോടെ തിരിെച്ചത്തി. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും പണത്തിന് ക്ഷാമം നേരിടുന്നുണ്ടെങ്കിലും പൊതുവെ നോട്ട് അതിെൻറ പ്രഭാവം വീണ്ടെടുത്തു. അച്ചടി പുരോഗമിക്കുന്ന മുറക്ക് ഇനിയും ജനങ്ങളിലേക്ക് പണം എത്തും. മാത്രമല്ല, അഞ്ഞൂറിനും രണ്ടായിരത്തിനുമിടക്ക് 200 രൂപയുടെ നോട്ട് കൂടി വരുേമ്പാൾ വിനിമയസൗകര്യം കൂടും.
കറൻസി വിനിയോഗം പരമാവധി കുറക്കാൻ കേന്ദ്ര സർക്കാർ നോട്ട് അച്ചടി കുറച്ചിരുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ‘ഭീം ആപ്പ്’ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തി. എന്നാൽ, അത്തരം മൊബൈൽ ആപ്പുകൾക്ക് വേണ്ടത്ര പ്രചാരം കിട്ടിയില്ല. മാർച്ച് വരെ ക്രമാനുഗത വർധന കാണിച്ച ഡിജിറ്റൽ ഇടപാടുകൾ പിന്നീട് താഴേക്കുപോയി.
ഇടപാടുകാരെ പണവിനിേയാഗത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ബാങ്കുകൾ പണം കൈകാര്യം ചെയ്യലിന് (കാഷ് ഹാൻഡ്ലിങ്) വലിയ ഫീസ് ചുമത്തുകയും എ.ടി.എമ്മിൽ പണം പിൻവലിക്കാൻ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, അക്കൗണ്ടിൽനിന്ന് ചെക്ക് മുഖേന പിൻവലിക്കാവുന്ന തുകയിൽ നിയന്ത്രണം ഒഴിവാക്കിയതോടെ ഇടപാടുകാർ കരുതലായിപ്പോലും പണം പിൻവലിച്ചുതുടങ്ങി. ഫലത്തിൽ ഡിജിറ്റൽ ഇടപാടിനെ ആദ്യം സ്വീകരിച്ചവർ അതിനെ കൈവിട്ടു. 200 രൂപ നോട്ട് എത്തുന്നതോടെ പിൻവലിച്ച പണമത്രയും പ്രചാരത്തിൽ വരുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.