തൃശൂർ: കുറച്ചുകാലമായി മേധാവികൾ വാഴാത്ത ബാങ്കെന്ന അപഖ്യാതിയുള്ള ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്കിെൻറ നാടകീയ ഇടപെടൽ. ആർ.ബി.ഐയുടെ നിർദേശപ്രകാരം ചീഫ് ജനറൽ മാനേജർ പി. മണികണ്ഠൻ ബാങ്കിൽനിന്ന് പുറത്തായി. ഇദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർ.ബി.ഐ ബാങ്കിന് കത്തയച്ചത്. അന്നുതന്നെ വിഡിയോ കോൺഫറൻസ് മുഖേന ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്ന് മണികണ്ഠനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ഈമാസം 30ന് ബാങ്ക് വാർഷിക ജനറൽ ബോഡി ചേരാനിരിക്കെയാണ് നിർണായക നീക്കം.
മുൻകാലങ്ങളിൽ ധനലക്ഷ്മി ബാങ്കിെൻറ ചെയർമാൻ, എം.ഡി, ഡയറക്ടർ പദവികളിൽനിന്ന് പലർക്കും പുറത്തുപോകേണ്ടി വന്നതിെൻറ കാരണക്കാരനെന്ന ആരോപണം നേരിടുന്നയാളാണ് മണികണ്ഠൻ. വിരമിച്ച ശേഷം കരാറിൽ തുടരുന്ന അദ്ദേഹം ബാങ്കിലെ ഏറ്റവും ശക്തനായാണ് കരുതപ്പെടുന്നത്. 'കോർപറേറ്റ് ഗവേണൻസ്' മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇദ്ദേഹത്തെ ഒഴിവാക്കാനാണ് ആർ.ബി.ഐ ആവശ്യപ്പെട്ടത്. ചീഫ് ജനറൽ മാനേജരായും ഉപദേഷ്ടാവായും പ്രവർത്തിച്ചുവരുകയായിരുന്നു മണികണ്ഠൻ.
ഡയറക്ടർമാരെയും എം.ഡി, ചെയർമാൻമാരെയും നിയമിക്കുന്നതിലും ഭരണകാര്യങ്ങളിലും അമിതമായി ഇടപെടുന്നുെവന്ന ആക്ഷേപം ഇദ്ദേഹത്തിനെതിെര വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. നാലുവർഷം മുമ്പ് ഡയറക്ടർ പദവിയിൽനിന്ന് രാജിവെച്ച, മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല വൈസ് ചാൻസലറും ആയിരുന്ന കെ. ജയകുമാർ തെൻറ രാജിക്കത്തിൽ മണികണ്ഠനെ രൂക്ഷമായി വിമർശിച്ചിരുന്നു. റിസർവ് ബാങ്കിൽ ഉന്നത പദവിയിലിരുന്ന ജയറാം നായരും ഇ. മാധവനും ഇത്തരത്തിൽ പോകേണ്ടിവന്നവരാണ്.
ചെയർമാനായിരുന്ന സജീവ് കൃഷ്ണനും രണ്ട് ഡയറക്ടർമാരും അടുത്തിടെ ഒരേ ദിവസം രാജിവെച്ചിരുന്നു. ബാങ്കിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ഓഫിസേഴ്സ് അസോസിയേഷൻ നേതാവായിരുന്ന പി.വി. മോഹനനെ അഞ്ചുവർഷം മുമ്പ് കാരണം കാണിക്കാതെ പിരിച്ചുവിട്ടതിന് പിന്നിൽ ഈ ഓഫിസറാണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.
ബാങ്ക് എം.ഡിയായി റിസർവ് ബാങ്ക് നിയമിച്ച സുനിൽ ഗുർബക്സാനിയുെട നിയമനം ഡയറക്ടർ ബോർഡ് അംഗീകരിച്ചെങ്കിലും അതിന് ജനറൽ ബോഡിയുടെ അംഗീകാരം വേണമെന്ന് ബാങ്ക് വ്യവസ്ഥ വെച്ചു. 30ന് ചേരുന്ന ജനറൽ ബോഡി യോഗത്തിെൻറ അജണ്ടയിൽ ഒരിനം ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.