ന്യൂഡൽഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകൾ ജൂലൈ 20ന് മുമ്പ് റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. നിരോധിച്ച നോട്ടുകൾ സ്വീകരിച്ച ബാങ്കുകൾക്കും പോസ്റ്റ് ഒാഫീസുകൾക്കുമാണ് നിർദ്ദേശം നൽകിയത്. ജില്ല സഹകരണ ബാങ്കുകളോടും നോട്ടുകൾ നിക്ഷേപിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്.
ഡിസംബർ 31ന് മുമ്പ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട നിരോധിച്ച നോട്ടുകൾ ഒരു മാസത്തിനകം റിസർവ് ബാങ്കിൽ നിക്ഷേപിക്കാനാണ് ധനകാര്യ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. ജൂലൈ 20ന് മുമ്പ് നോട്ടുകൾ നിക്ഷേപിക്കാൻ കഴിയാത്ത ധനകാര്യ സ്ഥാപനങ്ങളോട് അതിെൻറ കാരണം വ്യക്തമാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 നവംബർ എട്ടിനാണ് കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി കേന്ദ്രസർക്കാർ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. പഴയ നോട്ടുകൾ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇൗ തിയതി കഴിഞ്ഞിട്ടും എത്രത്തോളം നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയതെന്ന് വ്യക്തമാക്കാൻ റിസർവ് ബാങ്ക് തയാറായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ജൂലൈ 20ന് ശേഷമെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.