മുംബൈ: റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാംതവണയും പലിശനിരക്ക് വർധിപ്പിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ (റിപ്പോ) പലിശനിരക്ക് അരശതമാനം (50 ബേസിസ് പോയന്റ്) വർധിപ്പിച്ച് കോവിഡിനുമുമ്പുള്ള 5.40 ശതമാനം എന്ന നിലയിലേക്കാണ് ഉയർത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വീണ്ടും കൂടും.
വിലക്കയറ്റംകൊണ്ട് വലയുന്ന സാധാരണക്കാരുടെ ജീവിതം വീണ്ടും ചെലവേറിയതാക്കുന്നതാണ് തീരുമാനം. എല്ലാ വായ്പകളുടെയും പലിശ അരശതമാനം ഉയരാനാണ് സാധ്യത. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് പണനയ സമിതി (എം.പി.സി) പലിശനിരക്ക് വർധിപ്പിച്ചത്.
നിലവിൽ 4.9 ശതമാനമാണ് റിപ്പോ നിരക്ക്. 2019 ആഗസ്റ്റിലാണ് അവസാനമായി റിപ്പോ 5.40 ശതമാനമായിരുന്നത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിഞ്ഞ രണ്ടുതവണയും എം.പി.സി പലിശനിരക്ക് (റിപ്പോ) വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മേയിൽ 0.4 ശതമാനവും ജൂണിൽ അര ശതമാനവുമാണ് ഉയർത്തിയത്. എന്നാൽ, ഈ നടപടി പ്രതീക്ഷിച്ച ഫലംകണ്ടില്ല.
പണപ്പെരുപ്പവും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവുമാണ് തീരുമാനത്തിന് പിന്നിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സെപ്റ്റംബറിൽ പലിശനിരക്ക് കുറക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹം സൂചന നൽകിയില്ല. അതേസമയം, മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലുള്ള 2023 മാർച്ച് 31 വരെയുള്ള വളര്‍ച്ച അനുമാനം 7.2 ശതമാനമാണ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവിൽ 6.7 ശതമാനമാണ്. പണപ്പെരുപ്പം രണ്ടുമുതൽ ആറു ശതമാനത്തിനുള്ളിൽ നിർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.