ഇന്ത്യൻ വംശജ നൗറീൻ ഹസ്സനെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്‍റെ ഫസ്റ്റ് വൈസ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി (സിഒഒ) തിരഞ്ഞെടുത്തു. ധനകാര്യ സേവന മേഖലയിൽ 25 വർഷത്തെ പരിചയസമ്പന്നതയുള്ള നൗറീൻ മാർച്ച് 15 മുതൽ സ്ഥാനമേറ്റെടുക്കും. ഫെഡറൽ റിസർവ് ബാങ്കിന്‍റെ ബോർഡ് ഓഫ് ഡയറക്ടർമാരാണ് നൗറീനെ വൈസ് പ്രസിഡന്‍റായി നിയമിച്ചത്. ഫെഡറൽ റിസർവ് സിസ്റ്റത്തിന്‍റെ ബോർഡ് ഓഫ് ഗവർണർമാർ നിയമനത്തിന് അംഗീകാരം നൽകിയതായും ഫെഡറൽ റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
New York Fed Names Naureen Hassan First Vice Presidenthttps://t.co/1ArdF1MlMn pic.twitter.com/nLsNqGXg3G
— New York Fed (@NewYorkFed) March 3, 2021
"ഫസ്റ്റ് വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ ന്യൂയോർക്ക് ഫെഡിന്‍റെ രണ്ടാമത്തെ റാങ്കിങ് ഓഫീസറും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിലെ ഇതര വോട്ടിങ് അംഗവും ആയിരിക്കും നൗറീൻ ഹസ്സൻ," പ്രസ്താവനയിൽ അധികൃതർ അറിയിച്ചു. "നൗറീന്‍റെ നേതൃപാടവവും, വൈവിധ്യമാർന്ന ടീമുകളെ വളർത്തിയെടുക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും, വിപുലമായ സാങ്കേതിക - സാമ്പത്തിക പരിചയസമ്പന്നതയും ഒരു ബാങ്ക് ലീഡർ എന്ന നിലയിൽ അവളുടെ പങ്ക് നിർണായകമാക്കും," -ന്യൂയോർക്ക് ഫെഡിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ജോൺ സി. വില്യംസ് പറഞ്ഞതായി പ്രസ്താവ ചൂണ്ടിക്കാട്ടുന്നു.
നൗറീൻ ഹസ്സന്‍റെ കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. നൗറീൻ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ബി.എ.യും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോർഗൻ സ്റ്റാൻലി വെൽത് മാനേജ്മെന്റിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായും ചാൾസ് ഷ്വാബ് കോർപറേഷനിൽ ഇൻവെസ്റ്റർ സർവീസസ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റായും അവർ ഇതിന് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.