തൽക്കാലം പേടിക്കേണ്ട; നിക്ഷേപം ജാമ്യപ്പണമാകില്ല

ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന സമ്പാദ്യം മുഴുവൻ ജാമ്യപ്പണമായി മാറും എന്ന ആശങ്കക്ക് താൽക്കാലിക വിരാമം. ബാങ്ക് പൊളിയുന്ന സ്ഥിതി വന്നാൽ, അതിലെ നിക്ഷേപം മുഴുവൻ തകർച്ചക്ക് എതിരായ ജാമ്യപ്പണമാക്കി മാറ്റുന്ന ബില്ലിന് തൽക്കാലം കേന്ദ്ര സർക്കാർ അംഗീകാരമില്ല. ഏറെ വിവാദമായ ഫിനാൻഷ്യൽ റസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ബിൽ തൽക്കാലം വേണ്ടെന്നുവെക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ബാങ്ക് നിക്ഷേപകർക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.

നിർദിഷ്​ട ബില്ലിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന ബെയിൽ ഇൻ വ്യവസ്ഥയാണ് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നത്. ബാങ്ക് തകരുന്ന അവസ്ഥ വന്നാൽ ആ ബാങ്കിലെ നിക്ഷേപം മുഴുവനായോ ഭാഗികമായോ ബാങ്ക് തകർച്ച മറികടക്കുന്നതിനുള്ള ജാമ്യപ്പണമായി നിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ കഴിയും എന്നതായിരുന്നു നിർദ്ദേശിച്ചിരുന്ന വ്യവസ്ഥ. 

ഇത് നിലവിൽവന്നിരുന്നുവെങ്കിൽ അത്യാവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം നിക്ഷേപകർക്ക് അടിയന്തര ഘട്ടങ്ങളിൽ തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ വരുമായിരുന്നു. ഇത് രാജ്യത്തെ ബാങ്കിങ്​ സംവിധാനത്തിൽ ജനം അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിൽ വിള്ളൽവീഴ്ത്തുകയും അതുവഴി ബാങ്കുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുകയും ചെയ്യുമെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. 

കഴിഞ്ഞ വർഷം ആഗസ്​റ്റ്​ 10ന് ലോക്​സഭയിൽ അവതരിപ്പിച്ച ഇതുമായി ബന്ധപ്പെട്ട ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഈ വിഷയം പഠിക്കാൻ സംയുക്ത പാർലമ​െൻറ്​ സമിതിയെ നിയോഗിച്ചു. എന്നാൽ സമിതി ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ബില്ലിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു.  

ലോക്സഭാ ​െതരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇത്തരമൊരു ബില്ലുമായി മുന്നോട്ടുപോകുന്നത് രാഷ്​ട്രീയമായി ഗുണം ചെയ്യില്ല എന്ന് ഭരണകക്ഷിയിലും അഭിപ്രായമുയർന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കം മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറായത് എന്നാണ് സൂചന.

Tags:    
News Summary - Investment Fund is not a Bail Money -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.