ന്യൂഡൽഹി: സീറോ ബാലൻസ് അക്കൗണ്ടുകൾക്കായി റിസർവ് ബാങ്ക് വൻ പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി ജൻധൻ യോജന ഉൾപ്പടെയുള്ള അടിസ്ഥാന നിക്ഷേപ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നു. പ്രധാനമന്ത്രി ജൻധൻ യോജന ഉൾപ്പടെയുള്ള ബേസിക്സ് സേവിങ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിബന്ധന ബാധകമല്ല. പക്ഷേ പ്രതിമാസം നാല് ഇടപാടുകൾ മാത്രമേ ഇത്തരം അക്കൗണ്ടുകളിലുടെ നടത്താൻ സാധിക്കുകയുള്ളു. അതിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ ഉടനെ തന്നെ അക്കൗണ്ട് ബാങ്കുകൾ ഫ്രീസ് ചെയ്യുന്നുവെന്നാണ് പരാതി. എച്ച്.ഡി.എഫ്.സി, സിറ്റി ബാങ്ക് പോലുളള ചില സ്വകാര്യ ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളെ സാധാരണ അക്കൗണ്ടുകളാക്കി മാറ്റുന്നുവെന്നും ആക്ഷേപമുണ്ട്.
വിവിധ സർവീസ് ചാർജുകൾ മൂലം ജനങ്ങൾ ബാങ്കിങ് മേഖലയിൽ നിന്ന് അകന്ന് പോകുന്നത് ഒഴിവാക്കാനാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ടുകൾ ആരംഭിച്ചത്. പ്രതിമാസം നിശ്ചിത തുക മിനിമം ബാലൻസായി നിർത്തണമെന്ന വ്യവസ്ഥ ഇത്തരം അക്കൗണ്ടുകൾക്ക് ബാധകമല്ല. എന്നാൽ ഒരു മാസത്തിൽ നാല് ഇടപാടുകൾ മാത്രമേ ഇൗ അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ നൽകുന്നുള്ളു. എ.ടി.എം, എൻ.ഇ.എഫ്.ടി, ഇൻറർനെറ്റ് ഡെബിറ്റ്, ബ്രാഞ്ചിൽ നിന്നുള്ള പണം പിൻവലിക്കൽ, ഇ.എം.െഎ തുടങ്ങിയവയെല്ലാം ഇൗ നാല് ഇടപാടുകളിൽ ഉൾപ്പെടുന്നു.
എസ്.ബി.െഎ, ആക്സിസ് തുടങ്ങിയ ബാങ്കുകൾ നാല് ഇടപാടുകൾ കഴിഞ്ഞാൽ ഇത്തരം അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നാണ് പരാതി. പ്രതിമാസ ഇടപാടുകൾക്കപ്പുറം പണം നൽകി പോലും മറ്റൊരു ഇടപാട് നടത്താൻ കഴിയാത്ത നിലയിലാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകൾ. ഇത് നിക്ഷേപകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.