തിരുവനന്തപുരം: റേറ്റിങ് കുറഞ്ഞപ്പോഴേ പണം പിൻവലിച്ചതിനാൽ യെസ് ബാങ്കിൽ നിക്ഷേപിച്ച കിഫ്ബിയുടെ പണം സുരക്ഷിതം. 207 കോടി രൂപയാണ് യെസ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിലവിൽ തങ്ങൾക്ക് യെസ് ബാങ്കിൽ നിക്ഷേപങ്ങൾ ഒന്നുമില്ലെന്ന് കിഫ്ബി അറിയിച്ചു. ദേശസാത്കൃത ബാങ്കുകളിലും AAA റേറ്റുള്ള സ്വകാര്യ ബാങ്കുകളിലും മറ്റ് അംഗീകൃത ധന ഉപാധികളിലും മാത്രമേ കിഫ്ബിക്ക് നിക്ഷേപിക്കാനാകൂ. യെസ് ബാങ്കിന് ഇൗ റേറ്റിങ് ഉണ്ടായിരുന്ന കാലത്താണ് നിക്ഷേപം നടത്തിയത്. കാലാവധി പൂർത്തിയായ മുറക്ക് 2019 ആഗസ്റ്റ് എട്ടിന് പിൻവലിച്ചു. റേറ്റിങ്ങിൽ ഇടിവ് വന്നതിനാൽ കിഫ്ബി ഇൻവെസ്റ്റ്മെൻറ് കമ്മിറ്റിയുടെ നിർദേശപ്രകാരം തുടർനിക്ഷേപങ്ങൾ നടത്തിയിട്ടിെല്ലന്നും അധികൃതർ അറിയിച്ചു.
മസാല ബോണ്ടുവഴി സമാഹരിച്ച 2150 കോടി രൂപയിൽ 1188.35 കോടി രൂപ പദ്ധതികളിലേക്കായി ചെലവഴിച്ചു. ശേഷിക്കുന്ന തുക കിഫ്ബി നയപ്രകാരമാണ് നിക്ഷേപിച്ചിരിക്കുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക യെസ് ബാങ്കിൽ നിക്ഷേപിച്ചിരുന്നില്ല. സർക്കാറിൽനിന്ന് ലഭിക്കുന്ന പണമൊഴികെ മറ്റുമാർഗങ്ങളിലൂടെ സമാഹരിക്കുന്ന പണം ദേശസാത്കൃത ബാങ്കിലോ മറ്റ് വിവേകപൂർവമായ നിക്ഷേപങ്ങളിലോ ആണ് നിക്ഷേപിക്കേണ്ടത്. അതിനാൽ ഈ തുക ട്രഷറിയിൽ നിക്ഷേപിക്കാൻ കഴിയില്ലെന്നും കിഫ്ബി വ്യക്തമാക്കി.
അതേസമയം, നിരവധിതവണ ‘ചെയ്യരുത്, ചെയ്യരുത്’ എന്ന് പറഞ്ഞിട്ടും, ധനമന്ത്രിയും കിഫ്ബിയും 268 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. യെസ് ബാങ്ക് തകരുന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. 9.72 ശതമാനം പലിശക്കെടുത്ത മസാല ബോണ്ട് ആണ് 7.5 ശതമാനത്തിന് യെസ് ബാങ്കിൽ നിക്ഷേപിച്ചത്. ഈ 268 കോടി രൂപ ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയാണ്. ഇതിനുത്തരവാദി ധനമന്ത്രി മാത്രമാണ്. നിരവധി ന്യൂജനറേഷൻ ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ജനുവരി 29ന് ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ മോേട്ടാർ വാഹന നികുതിയിൽനിന്ന് ലഭിച്ച 2001.74 കോടി രൂപയും വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചതായി വിശദീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.