റിപോ നിരക്ക് കൂട്ടി; വായ്പ ചെലവേറും

മുംബൈ: ഭവന-വാഹന വായ്പയെടുത്തവർക്ക് ഭാരം കൂട്ടി റിസർവ് ബാങ്ക് റിപോ നിരക്ക് വീണ്ടും ഉയർത്തി. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം പിടിച്ചുകെട്ടാനെന്ന് പറഞ്ഞാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി (എം.പി.സി) റിപോ നിരക്ക് അരശതമാനം കൂട്ടി 5.90 ശതമാനമാക്കിയത്.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കാണ് റിപോ. അതുകൊണ്ടു തന്നെ റിപോ നിരക്കിന് ആനുപാതികമായി ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ വർധനയുണ്ടാകും. കഴിഞ്ഞ മേയ് മുതൽ തുടർച്ചയായ നാലാം തവണയാണ് ആർ.ബി.ഐ പലിശനിരക്ക് കൂട്ടുന്നത്. ഈ കാലയളവിൽ ആകെ പലിശനിരക്കിലുണ്ടായ വർധന 1.90 ശതമാനമാണ്. 2019 ഏപ്രിൽ മുതലുള്ളതിൽ ഏറ്റവും വലിയ വർധനയാണ് ഇപോൾ വരുത്തിയത്. ആർ.ബി.ഐയുടെ മൂന്നംഗങ്ങളടക്കം ആറുപേരുള്ള എം.പി.സിയിൽ ഒന്നിനെതിരെ അഞ്ചു പേരുടെ പിന്തുണയിലാണ് തീരുമാനമെടുത്തത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ധനവിപണിയിലെ അസ്വസ്ഥതകളും കാരണം ഉയർന്നുതന്നെ നിൽക്കുന്ന പണപ്പെരുപ്പത്തെ മെരുക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡ് മഹാമാരിയും യുക്രെയ്ൻ പ്രതിസന്ധിയും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. അതേസമയം, നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചനിരക്ക് പ്രവചനം 7.2ൽ നിന്ന് ഏഴ് ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, 2022-23 കാലത്തേക്കുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് പ്രവചനം 6.7ൽതന്നെ നിലനിർത്തി.

പലിശനിരക്ക് ഉയർത്തിയത് കോർപറേറ്റ് മേഖലക്ക് തിരിച്ചടിയാണെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് കോർപറേറ്റ് ബാങ്കിങ് വിഭാഗം മേധാവി അനു അഗർവാൾ പ്രതികരിച്ചു.

Tags:    
News Summary - Loans To Get Costlier As RBI Hikes Key Lending Rate To 3-Year High

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.