തൃശൂർ: ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും വേതന പരിഷ്കരണ കരാർ ഒപ്പിടൽ നടന്നില്ല. ഈമാസം 18ന് ഒപ്പിടാനായിരുന്നു തീരുമാനം. നിസ്സാര കാരണം പറഞ്ഞ് കരാറിൽ ഒപ്പിടാൻ ഐ.ബി.എ വിസമ്മതിക്കുെന്നന്ന് ആരോപിച്ച് സംഘടനകൾ ചട്ടപ്പടി ജോലി ചെയ്ത് പ്രതിഷേധ പരിപാടിയും പ്രഖ്യാപിച്ചു.
ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ, ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നിവയാണ് പ്രതിഷേധം തുടങ്ങിയത്. ചട്ടപ്പടി ജോലിക്ക് അപ്പുറമുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ വ്യക്തമാക്കി. വൈകീട്ട് ആറുവരെയേ ജോലി ചെയ്യൂ.
അവധി ദിവസങ്ങളിലെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വേതന കരാർ കാലാവധി 2017 നവംബർ ഒന്നിന് അവസാനിച്ചിരുന്നു. മൂന്നുമാസം മുമ്പാണ് ശമ്പളം പരിഷ്കരിക്കാൻ ഐ.ബി.എയും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും ധാരണയായത്. എന്നാൽ, ഇതിലെ അപാകതകൾ ചൂണ്ടിക്കാട്ടി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ധാരണാപത്രത്തിൽ ഒപ്പുവെച്ചില്ല.
വേതനം 15 ശതമാനം വർധിപ്പിക്കാനാണ് ധാരണയായത്. ആകെ 7,898 കോടി രൂപ അനുവദിച്ചതിൽ 4,513 കോടി ഓഫിസർമാരുടെ വേതന വർധനവിന് വേണ്ടിയാണ്. സ്പെഷൽ പേ 14 ശതമാനമായി നിശ്ചയിച്ചു. ഓഫിസർമാർക്ക് മൂന്ന് സ്ലാബിലായി 17 മുതൽ 18 വരെയാണ് നിശ്ചയിച്ചത്. ഇതിൽ വിവേചനമുണ്ടെന്ന് കുറ്റപ്പെടുത്തി കരാർ ഒപ്പിടില്ലെന്ന് സംഘടനകൾ അറിയിക്കുകയായിരുന്നു.
അതേസമയം, ഐ.ബി.എ അറിയിച്ചതനുസരിച്ച് കരാർ ഒപ്പിടാൻ തയാറെടുത്ത തങ്ങളെ നിസ്സാര കാരണം പറഞ്ഞ് തിരിച്ചയെച്ചന്നാണ് ഓഫിസർ സംഘടനകൾ ആരോപിക്കുന്നത്. ഇതിനിെട 'വീ ബാങ്കേഴ്സ്' കൂട്ടായ്മയിലുള്ള ബാങ്ക് ജീവനക്കാർ കരാർ ഒപ്പിടേണ്ട ഞായറാഴ്ച മദ്രാസ്, അലഹാബാദ് ഹൈകോടതികളെ സമീപിക്കുകയും രണ്ടിടത്തും അന്നുതന്നെ കേസ് കേൾക്കുകയും ചെയ്തു.
കരാർ ഒപ്പിടില്ലെന്നും ഈമാസം 22ന് മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കില്ലെന്നുമാണ് കോടതികളിൽ ഐ.ബി.എ അറിയിച്ചത്. എട്ട് സംഘടനകൾ ഒപ്പുവെച്ച വേതന പരിഷ്കരണ ധാരണപത്രത്തിന് മൂന്നുമാസം തികയുന്ന ദിവസമാണ് 22. അതുകഴിഞ്ഞാൽ ധാരണപത്രം പുതുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.