തിരുവനന്തപുരം: മലപ്പുറം ബാങ്ക്- കേരള ബാങ്ക് ലയനത്തിന് ഒരുവർഷംകൂടി കാലാവധി നീട്ടിക്കൊണ്ടുള്ള കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭ പാസാക്കി. റിസർവ് ബാങ്കിന്റെ അനുമതി കിട്ടുന്നതോടെ ലയനപ്രക്രിയ പൂർത്തിയാകും. അതു ത്വരിതപ്പെടുത്താനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്നും ഇക്കാര്യത്തിൽ ഒരു തർക്കത്തിനും വകയില്ലെന്നും ബില്ലിന്മേൽ നടന്ന ചർച്ചക്കുള്ള മറുപടിയിൽ സഹകരണ മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. കാലാവധി ഒരുവർഷം കൂടി നീട്ടാൻ കഴിഞ്ഞാലേ മലപ്പുറം ജില്ല ബാങ്കിന് നിലനിൽക്കാനാകൂ. 2020ൽ പാസാക്കിയ നിയമപ്രകാരം രണ്ടുവർഷത്തിനകം മലപ്പുറം ജില്ല ബാങ്ക് കേരളബാങ്കിൽ ലയിപ്പിക്കണം. അതു പൂർത്തീകരിച്ചിട്ടില്ല. അതിനാണ് ഈ നിയമഭേദഗതിയെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയുടെ കാതലായ പരിഷ്കരണം ലക്ഷ്യമിടുന്ന സഹകരണ നിയമത്തിന്റെ കരട് തയാറായി. സമഗ്ര ഭേദഗതി അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സമൂലമായ മാറ്റത്തിലൂടെ കേരളത്തിലെ സഹകരണ രംഗത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനം സാധ്യമാക്കി പുരോഗതിയിലേക്ക് നീങ്ങാന്‍ സാധിക്കും. സഹകരണ മേഖലയില്‍ ആധുനീകരണം വേഗത്തില്‍ നടന്നുവരുകയാണ്. കേരള ബാങ്കിന്റെ ഐ.ടി ഇന്റഗ്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. കോട്ടയവും തിരുവനന്തപുരവുമായുള്ള ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ അടുത്തത്, കൊല്ലം വയനാട് ജില്ലകള്‍ തമ്മിലുള്ള ലിങ്കാണ്. ഡിസംബര്‍ മാസത്തില്‍ എല്ലാ ജില്ലകളും തമ്മിലുള്ള കോര്‍ ബാങ്കിങ് നടപടികള്‍ പൂര്‍ത്തിയാക്കി കഴിയും. വിപ്രോയാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളബാങ്ക് രൂപവത്കരണത്തിനു ശേഷം കൂടുതല്‍ വായ്പകളും സഹായങ്ങളും ലഭിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
ജില്ല ബാങ്കുകളായി പ്രവര്‍ത്തിച്ചിരുന്ന കാലത്തിനെക്കാള്‍ കൂടുതല്‍ വായ്പകളാണ് കഴിഞ്ഞ കാലങ്ങളില്‍ അനുവദിച്ചിരിക്കുന്നത്. 769 ശാഖകളിലായി 35 ഇനം വായ്പകള്‍ അനുവദിക്കുന്നുണ്ട്. അഞ്ചുലക്ഷം രൂപവരെ പലിശ ഇല്ലാത്ത വായ്പ അനുവദിക്കുന്നുണ്ട്. വ്യക്തികള്‍ക്ക് 60 ലക്ഷം രൂപവരെ ഇപ്പോള്‍ വായ്പ അനുവദിക്കുന്നുണ്ട്. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത ബില്‍ സഭ ശബ്ദവോട്ടോടെ പാസാക്കി.
തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ഒരു ഫയലും കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാവില്ലന്നും 90 ദിവസത്തിനുള്ളില്‍ ഏത് ഫയലിലും തീരുമാനം എടുക്കണം എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി.എന്‍. വാസവന് വ്യക്തമാക്കി. നിയമസഭയിൽ ചര്‍ച്ചക്കിടയില്‍ പി.കെ. ബഷീര്‍ ബൈലോ ഭേദഗതികള്‍ക്ക് അംഗീകാരം കിട്ടുന്നില്ലെന്ന കാര്യം സൂചിപ്പിച്ചതിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും കാര്യം അനന്തമായി നീളുന്നുണ്ടെങ്കില്‍ അക്കാര്യം സൂചിപ്പിച്ചാല്‍ അതു പരിശോധിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.