ന്യൂഡൽഹി: എയർടെല്ലിന് പിന്നാലെ പേയ്മെൻറ് ബാങ്കുമായി പേടിഎമ്മും രംഗത്തെത്തുന്നു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം പേടിഎം പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിൽ നിന്ന് പേയ്മെൻറ് ബാങ്ക് തുടങ്ങാനുള്ള അനുമതി ലഭിച്ചതായി പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ പറഞ്ഞു. രാജസ്ഥാനിൽ പരീക്ഷണാടിസ്ഥാനത്തിൽ പേടിഎം പേയ്മെൻറ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. നവംബറിലാണ് എയർടെൽ തങ്ങളുടെ പേയ്മെൻറ് ബാങ്ക് പദ്ധതി ആരംഭിച്ചത്.
ബാങ്കിങ് രംഗത്ത് പുതിയ പദ്ധതിക്കാണ് പേടിഎം തുടക്കം കുറിക്കുന്നതെന്ന് വിജയ് ശർമ പറഞ്ഞു. ബാങ്കിങ് സേവന ലഭ്യമല്ലാത്ത കോടിക്കണക്കിന് ആളുകളിലേക്ക് ഇത് എത്തിക്കുക എന്നതാണ് പേടിഎമ്മിെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീം ആപ്പ് ഉപയോഗിച്ച് പേടിഎം വാലറ്റ് റീചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. പുതിയ പേയ്മെൻറ് ബാങ്ക് സംവിധാന പ്രകാരം പേടിഎം കാഷ് വാലറ്റിലെ ബാലൻസ് പേയ്മെൻറ് ബാങ്ക് ബാലൻസായി മാറുമെന്നും പേടിഎം അറിയിച്ചിട്ടുണ്ട്.
പേയ്മെൻറ് ബാങ്ക് സംവിധാനം ഇന്ത്യയിലെ ഉപഭോക്താകളെ സംബന്ധിച്ചിടത്തോളം പുതിയ ഒന്നാണ്. പ്രിപെയ്ഡ് വാലറ്റിനെയും ബാങ്ക് അക്കൗണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് പേയ്മെൻറ് ബാങ്ക്. ഒരു വ്യക്തിക്ക് 1 ലക്ഷം രൂപ വരെ മാത്രമേ പേയ്മെൻറ് ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. ഇതിന് ബാങ്ക് പലിശ നൽകും. 7.25 ശതമാനമാണ് എയർടെൽ നൽകുന്ന പലിശ. ഉപഭോക്താവിന് ലോൺ നൽകാനോ ക്രെഡിറ്റ് കാർഡുകൾ നൽകനോ പേയ്മെൻറ് ബാങ്കുകൾക്ക് അധികാരമില്ല. എന്നാൽ എ.ടി.എം കാർഡുകളും ഡെബിറ്റ് കാർഡുകളും ഇവർക്ക് നൽകാവുന്നതാണ്. പേയ്മെൻറ് ബാങ്കിലെ പണം ബാങ്ക് അക്കൗണ്ടിലേക്കും ട്രാൻസഫർ ചെയ്യാവുന്നതാണ് അതുകൊണ്ട് തന്നെ പൂർണമായും ബാങ്കിങ് സംവിധാനത്തിനകത്ത് വരുന്നതാണ് പേയ്മെൻറ് ബാങ്കിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.