ന്യൂഡൽഹി: നിക്ഷേപകരെ നിരാശരാക്കി രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു. 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഓൺലൈൻ, മൊബൈൽ ബാങ്ക് സംവിധാനത്തിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതിനും റിസർവ് ബാങ്ക് അടിയന്തര നിരോധനം ഏർപ്പെടുത്തിയതാണ് കമ്പനിക്ക് വിനയായത്.
എൻ.എസ്.ഇയിൽ കൊട്ടക് ബാങ്ക് ഓഹരി വില 13 ശതമാനം ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന 1602 എന്ന വിലയിലെത്തിയിരുന്നു. എങ്കിലും ചെറിയ രീതിയിൽ നഷ്ടം നികത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണി മൂലധനത്തിൽ 37,720.8 കോടി രൂപയുടെ ഇടിവാണ് ഒറ്റ ദിവസം നേരിട്ടത്.ബാങ്കിന്റെ ഐ.ടി സംവിധാനത്തിലെ സുരക്ഷ പ്രശ്നമാണ് റിസർവ് ബാങ്ക് നടപടിക്ക് പിന്നിൽ.
കഴിഞ്ഞ രണ്ട് വർഷമായി ഡേറ്റ സുരക്ഷയും വിവരങ്ങളുടെ ചോർച്ച തടയാൻ പദ്ധതികളുമില്ലാതെയാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. 2022, 2023 വർഷങ്ങളിൽ റിസർവ് നടത്തിയ പരിശോധനയിലാണ് ഈ വീഴ്ചകൾ കണ്ടെത്തിയത്. തിരുത്താൻ ബാങ്ക് തയാറായില്ല. എന്നാൽ, നിലവിലെ ഉപഭോക്താക്കൾക്കുള്ള സേവനം ബാങ്കിന് തുടരാമെന്നും റിസർവ് ബാങ്ക് പറഞ്ഞു.
അതേസമയം, ഐ.ടി സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചതായും റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കുമെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.