മുംബൈ: നമ്പറിൽ നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ അസാധുവല്ലെന്നും, അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർ.ബി.ഐയുടെ വിശദീകരണം.
'നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. പ്രിന്‍റ് ചെയ്യുമ്പോൾ കേടാകുന്ന നോട്ടുകൾക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാർ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർ.ബി.ഐ വെബ്‌സൈറ്റിൽ ലഭ്യമാണ്' - ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആർ.ബി.ഐ അറിയിച്ചു.
പ്രിഫിക്‌സിനും നമ്പറിനുമിടയിൽ നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ 2006 മുതൽ പ്രാബല്യത്തിലുണ്ട്. 10, 20, 50, 100, 500 നോട്ടുകൾ ഇത്തരത്തിൽ ആർ.ബി.ഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. കേടായവക്ക് പകരം മാറ്റി അടിച്ച നോട്ടുകളാണ് ഇവയെന്ന് തിരിച്ചറിയാനായാണ് നക്ഷത്ര ചിഹ്നം ചേർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.