മുംബൈ: പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും തുടർച്ചയായ മൂന്നാം നിരക്ക്നിർണയ യോഗത്തിലും പലിശ ഉയർത്താതെ റിസർവ് ബാങ്ക്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 6.50 ശതമാനത്തിൽ തുടരാൻ വ്യാഴാഴ്ച അവസാനിച്ച ദ്വൈമാസ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു.
ഇതോടെ, വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. അതേസമയം, വിലക്കയറ്റം തടയാൻ പണത്തിന്റെ അളവ് കുറക്കാൻ ആർ.ബി.ഐ നടപടിയെടുത്തു. ബാങ്കുകളിൽ കഴിഞ്ഞ മേയ് മുതൽ സെപ്റ്റംബർ എട്ടുവരെ എത്തുന്ന അധികനിക്ഷേപത്തിൽനിന്ന് സാധാരണ നിരക്കിലും (ഇൻക്രിമന്റൽ കാഷ് റിസർവ് റേഷ്യോ) 10 ശതമാനം പിടിച്ചുവെക്കാൻ നിർദേശം നൽകിയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
2000 രൂപ നോട്ടുകൾ തിരിച്ചുവിളിച്ചതോടെ ബാങ്കുകളിലേക്ക് പണത്തിന്റെ ഒഴുക്കായിരുന്നു. കൂടുതൽ പണം തിരിച്ച് വിപണിയിലെത്തിയാൽ വിലക്കയറ്റം വർധിക്കുന്നത് തടയാനാണ് ഈ അപ്രതീക്ഷിത തീരുമാനം. ഒരു ലക്ഷം കോടി രൂപ വിപണിയിലെത്തുന്നത് തടയാനും ഈ നീക്കം സഹായിക്കും.
ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന കാഷ് റിസർവ് റേഷ്യോ (സി.ആർ.ആർ) മൊത്തം നിക്ഷേപത്തിന്റെ 4.5 ശതമാനമായി തുടരും. അതേസമയം, ഭക്ഷ്യവില പണപ്പെരുപ്പം ഉയർന്നാൽ നയം കർശനമാക്കുമെന്ന് ആർ.ബി.ഐ ഗവർണർ സൂചിപ്പിച്ചു. പണപ്പെരുപ്പം നാലിനു താഴെയായി കുറയണം.
പണപ്പെരുപ്പം ഇനിയുമുയർന്നാൽ പുതിയ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തികവർഷത്തിന്റെ അവസാനം പണപ്പെരുപ്പം 5.1 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ പ്രവചനം. നേരത്തേ 5.4 ശതമാനമായിരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഭക്ഷ്യവസ്തു വിലയിലെ വർധനയാണ് പ്രതീക്ഷിക്കുന്ന പണപ്പെരുപ്പനിരക്ക് കൂടാൻ കാരണം.
തക്കാളിയടക്കം പച്ചക്കറിവിലയിലെ കുതിച്ചുചാട്ടം പണപ്പെരുപ്പം വർധിക്കാനിടയാക്കുമെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. ഒക്ടോബറിൽ നടക്കുന്ന പലിശനിരക്ക് നിർണയ യോഗം അതിനിർണായകമാകുമെന്നാണ് സൂചന.
മുംബൈ: ഭവനവായ്പയിലെ പലിശനിരക്കുകളിൽ മാറ്റം വരുന്ന േഫ്ലാട്ടിങ് ലോണുകളുടെ പലിശനിരക്കിലെയും പ്രതിമാസ തിരിച്ചടവിലെയും മാറ്റങ്ങൾ ഇടപാടുകാരെ സുതാര്യമായി അറിയിക്കണമെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ). വായ്പയെടുത്തവർക്ക് ആശ്വാസമേകാൻ ചട്ടക്കൂടുണ്ടാക്കും.
വായ്പയെടുത്തവരുടെ സമ്മതമില്ലാതെയും ആശയവിനിമയം നടത്താതെയും ബാങ്കുകൾ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുയർന്നിരുന്നു. േഫ്ലാട്ടിങ് നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് സ്ഥിരപലിശ നിരക്കിലേക്ക് മാറുന്നതിനും നേരത്തേ അടച്ചുതീർക്കുന്നതിനും അവസരം നൽകണം. വായ്പാ രീതികൾ മാറുമ്പോഴുള്ള നിരക്കുകളും അറിയിക്കണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ പലതരം ചാർജുകളും അക്കൗണ്ടിൽനിന്ന് പിടിച്ച ശേഷമണ് വായ്പക്കാർ അറിയുന്നത്. ഒളിച്ചുവെക്കുന്ന ചാർജുകളാണ് ഇതിൽ പലതും. ഇത്തരം പരാതികൾ അവസാനിപ്പിക്കാൻ വ്യവസ്ഥയുണ്ടാക്കുകയാണ് ആർ.ബി.ഐ ലക്ഷ്യം. ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തും.
ബാങ്കുകൾ ന്യായമായ സമയത്തേക്ക് മാത്രം വായ്പകൾ നൽകണമെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. വായ്പാ കാലാവധി നീട്ടുന്ന സമയത്ത്, കടം വാങ്ങുന്നയാളുടെ പ്രായവും തിരിച്ചടക്കാനുള്ള കഴിവും പരിഗണിക്കണം. ന്യായമായ കാലയളവ് എന്താണെന്ന് നിർവചിക്കാൻ ആർ.ബി.ഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.