ന്യൂഡൽഹി: കോവിഡ് വ്യാപനവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും രാജ്യത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും അടിസ്ഥാന വായ്പ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്.
ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസിെൻറ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകന സമിതി (എം.പി.സി) യോഗത്തിലാണ് റിപോ നിരക്ക് 4.25 ശതമാനത്തിലും റിവേഴ്സ് റിപോ നിരക്ക് 3.35 ശതമാനത്തിലും നിലനിർത്താൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിെൻറ പാതയിലാണെന്ന് വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. നടപ്പു സാമ്പത്തിക വർഷം രാജ്യം 10.5 ശതമാനം വളർച്ചനേടുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ പണപ്പെരുപ്പം അഞ്ചു ശതമാനത്തിൽനിന്ന് 5.2ലേക്ക് കൂടുമെങ്കിലും മൂന്നാം പാദത്തിൽ 4.4 ശതമാനമായി കുറയുമെന്നും എം.പി.സി വിലയിരുത്തി.
അതേസമയം, കോവിഡിെൻറ രണ്ടാം വരവിനെ നേരിടാൻ ചില സംസ്ഥാനങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കില്ല. നിലവിലെ സാഹചര്യം നേരിടാൻ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾ സുസജ്ജമാണെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
നേരത്തേ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ റിസർവ് ബാങ്ക് എല്ലാ വായ്പകൾക്കും ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. 2020 ആഗസ്റ്റിലാണ് ഇളവുകളുടെ കാലാവധി അവസാനിച്ചത്. തുടർന്ന് മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീംകോടതി തള്ളുകയായിരുന്നു.
അതേസമയം, ഭാവിയിൽ കാര്യങ്ങൾ കൂടുതൽ വഷളായാൽ ആർ.ബി.ഐ എന്ത് നടപടി സ്വീകരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഗവർണർ കൃത്യമായ മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.