മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ വായ്പനയം. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ നാല് ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന് ആർ.ബി.ഐ നൽകുന്ന പലിശ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ആർ.ബി.ഐയുടെ വായ്പ അവലോകന സമിതി യോഗം ചേർന്നത്. തൽസ്ഥിതി നില നിർത്തണമെന്ന് വായ്പ അവലോകന സമിതിയിലെ അംഗങ്ങളെല്ലാം ഒരേ നിലപാടെടുത്തു.
അതേ സമയം, ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020-21 സാമ്പത്തിക വർഷത്തിൻെറ മൂന്നാം പാദത്തിൽ 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവുമായിരിക്കുമെന്നാണ് ആർ.ബി.ഐ പ്രവചനം. സമ്പദ് വ്യവസ്ഥയിലെ വളർച്ചയുടെ ചലനങ്ങൾ വായ്പ അവലോകന യോഗത്തിൽ ആർ.ബി.ഐയും മുഖവിലക്കെടുക്കുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് -9.5 ശതമാനമായിരിക്കുമെന്ന നേരത്തെയുണ്ടായിരുന്ന പ്രവചനം തിരുത്തി -7.5 ആയി ആർ.ബി.ഐ പുനഃക്രമീകരിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഘട്ടം ഘട്ടമായി പുരോഗതിയുണ്ടാവുന്നുവെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. ഗ്രാമീണ മേഖലയിലാണ് ഇത് കൂടുതൽ പ്രകടമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.