ഹൈദരാബാദ്: 50 കോടിയുടെ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പൊലീസ് പിടികൂടി. പേയ്മെന്റ് ഗേറ്റ്വേകളിൽ കൃത്രിമം നടത്തിയതാണ് ഇവർ പണം തട്ടിയെടുത്തത്. യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്.
ഡൽഹി സ്വദേശികളായ നവീൻ ഭട്ട്, മോഹിത്, മോനു എന്നിവരും ഹൈദരാബാദുകാരായ നാഗരാജു, ശ്രാവൺ കുമാർ, പവൻ, ശ്രീനിവാസ റാവു എന്നിവരുമാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയിൽ മാത്രമേ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വെബ്സൈറ്റുകളും ടോൾ ഫ്രീ നമ്പറും ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഡൽഹി, ഗാസിയാബാദ്, മൊഹാലി എന്നിവിടങ്ങളിൽ കാൾ സെന്ററുകളും സ്ഥാപിച്ചിരുന്നു. വെബ്സൈറ്റുകളിലൂടെ ഇ-കോമേഴ്സ് സേവനങ്ങൾ നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
വിവിധ രാജ്യങ്ങളിലുള്ളവരുമായി ഓൺലൈൻ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ചിലരോട് ഇ-കോമേഴ്സ് കമ്പനികൾക്ക് സാങ്കേതിക സഹായം നൽകുന്നവരാണെന്ന് അറിയിച്ച് ഫോണിലൂടേയും ബന്ധപ്പെട്ടു. ഇവരിൽ നിന്ന് തന്ത്രപൂർവം വിവരങ്ങൾ ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാർഡുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.