മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്ബേർബാങ്ക് യൂറോപ്പിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു. റഷ്യൻ കേന്ദ്ര ബാങ്കിനടക്കം പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധ നടപടികളാണ് സ്ബെർബാങ്കിന്റെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ബാങ്കിന്റെ യൂറോപ്യൻ ശാഖകളിൽനിന്ന് കൂട്ടത്തോടെ പണം പിൻവലിക്കപ്പെടുകയാണെന്നും ജീവനക്കാർക്കും ബാങ്ക് ശാഖകൾക്കും വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുന്നതായും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. സ്ബെർബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് യൂറോപ്യൻ യൂനിയനു കീഴിലെ ബാങ്ക് നിയന്ത്രണ അതോറിറ്റിയും അറിയിച്ചു. സ്ബേർബാങ്ക് യൂറോപ് എ.ജി പാപ്പരായെന്നും ക്രൊയേഷ്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ സ്ബെർബാങ്ക് ശാഖകൾ അതാത് രാജ്യത്തെ മറ്റ് ബാങ്ക് ശാഖകളുമായി ലയിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.
അതിനിടെ, ക്രെഡിറ്റ് കാർഡ് രംഗത്തെ ആഗോള വമ്പൻമാരായ വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, അമെക്സ് എന്നീ കമ്പനികൾ റഷ്യൻ ബാങ്കുകളെ അവരുടെ നെറ്റ്വർക്കിൽനിന്ന് ഒഴിവാക്കി. ഉപരോധ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായാണിതെന്ന് കമ്പനികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.