ന്യൂഡൽഹി: സ്ഥിരം ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചതിനിടയിലും 14,000 പേരെ പുതുതായി നിയമിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്വയം വിരമിക്കൽ പദ്ധതി ചെലവ് ചുരുക്കലിൻെറ ഭാഗമായല്ലെന്നും എസ്.ബി.ഐ വക്താവ് പറഞ്ഞു.
2.5 ലക്ഷം ജീവനക്കാരാണ് എസ്.ബി.ഐക്കുള്ളത്. 30,190 ജീവനക്കാർക്കായി എസ്.ബി.ഐ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 'സൗഹാർദ്ദ പരമാണ് എസ്.ബി.ഐയുടെ ജീവനക്കാരോടുള്ള പെരുമാറ്റം. ബാങ്കിൻെറ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും തീരുമാനിച്ചു. ഇതിനായി കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. ഈ സാഹചര്യത്തിൽ 14,000ത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുകയാണ്' -എസ്.ബി.ഐ പത്രക്കുറിപ്പിൽ അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, കുടുംബ പ്രശ്നങ്ങളുള്ളവർ, പ്രഫഷനൽ പരിമിതികളുള്ളവർ, മറ്റു സ്വകാര്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് എസ്.ബി.ഐ സ്വയം വിരമിക്കാൻ അവസരം നൽകുന്നുവെന്നും ചെലവുചുരുക്കലിൻെറ ഭാഗമായല്ലെന്നും എസ്.ബി.ഐ വ്യക്തമാക്കി.
25 വർഷം സേവനം അനുഷ്ഠിക്കുകയോ 55 വയസ് പൂർത്തിയാകുകയോ ചെയ്ത എല്ലാ സ്ഥിര ജീവനക്കാർക്കുമാണ് എസ്.ബി.ഐ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചത്. യോഗ്യത മാനദണ്ഡമനുസരിച്ച് 11,565 ഓഫിസർമാർക്കും 18625 സ്റ്റാഫ് അംഗങ്ങൾക്കും പദ്ധതിക്ക് അർഹതയുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.