ഏഴ് പതിറ്റാണ്ടിന്‍െറ ചരിത്രം മായുമ്പോള്‍

ഇംഗ്ളീഷ് അക്ഷരമാലയിലെ എസ്.ബി എന്നീ അക്ഷരങ്ങള്‍ കഴിഞ്ഞ് ഒരു തെങ്ങ്, പിന്നെ ടി എന്ന അക്ഷരം. താഴെ, വിശ്വാസത്തിന്‍െറ നീണ്ട പാരമ്പര്യം എന്ന ആംഗലേയ ആലേഖനം. എസ്.ബി.ടിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ വരുന്നത് ഇതൊക്കെയാണ്. 72 ആണ്ട് നീണ്ട ചരിത്രം. ഇനി കൃത്യം ഒരുമാസംകൂടി കഴിഞ്ഞാല്‍, മലയാളിയുടെ ഈ സ്വന്തം ബാങ്ക് ചരിത്രത്തിലേക്ക് നടന്നുമറയും. എസ്.ബി.ടി ഇല്ലാതാകും. ബാങ്ക് ലയനം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിലയം പ്രാപിക്കുമ്പോള്‍ ബാങ്കിനും ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും എന്ത് സംഭവിക്കും. എസ്.ബി.ഐക്ക് എന്ത് നേട്ടമുണ്ടാകും.

മാഞ്ഞുപോകുന്ന ചരിത്രം

1945ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന് വേണ്ടി ദിവാന്‍ സി.പി. രാമസ്വാമി അയ്യരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് തുടക്കമിട്ടത്. 
ആദ്യകാലത്ത് സര്‍ക്കാറിന്‍െറ ഖജനാവുമായി ബന്ധപ്പെട്ട ജോലികള്‍, വിദേശ നാണ്യ വിനിമയം തുടങ്ങിയവയാണ് മുഖ്യമായി ചെയ്തിരുന്നത്. പിന്നീട് മറ്റ് ബാങ്കിങ് ജോലികള്‍ക്ക് പ്രാധാന്യം ലഭിച്ചു. 1959ല്‍ പാര്‍ലമെന്‍റ് പാസാക്കിയ എസ്.ബി.ഐ സബ്സിഡിയറി ബാങ്ക്സ് ആക്ട് അനുസരിച്ച് 1960ല്‍ എസ്.ബി.ടിയും എസ്.ബി.ഐയുടെ സബ്സിഡിയറി ബാങ്ക് ആയി. 

പല ഘട്ടങ്ങളിലായി ഇന്തോ മെര്‍ക്കന്‍ൈറല്‍ ബാങ്ക്, ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക്, കോട്ടയം ഓറിയന്‍റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, വാസുദേവവിലാസം ബാങ്ക്, കൊച്ചിന്‍ നായര്‍ ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് തുടങ്ങി നിരവധി കൊച്ചുകൊച്ചു ബാങ്കുകള്‍ എസ്.ബി.ടിയില്‍ ലയിച്ചു. 

ഇന്ന് എസ്.ബി.ടിയുടെ ശക്തി ഇങ്ങനെ: 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യം. മൊത്തം 1177 ശാഖകള്‍. ഇതില്‍ 852 എണ്ണം കേരളത്തില്‍.  1707 എ.ടി.എമ്മുകള്‍.  മൊത്തം ജീവനക്കാരുടെ എണ്ണം 14892. 100473 കോടി രൂപ നിക്ഷേപവും  67004 കോടി രൂപ വായ്പയും. 67 ശതമാനമാണ് നിക്ഷേപ-വായ്പാ അനുപാതം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 338 കോടി രൂപ അറ്റാദായം. 

ഈ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവക്കൊപ്പം ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍ണമായി എസ്.ബി.ഐയില്‍ ലയിക്കുന്നത്. 

ഇടപാടുകാര്‍ക്ക് എന്ത് സംഭവിക്കും?

ബാങ്ക് ഇല്ലാതാകുമ്പോള്‍ അത് ആ ബാങ്കിലെ ഇടപാടുകാരെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് മുഖ്യമായി ഉയരുന്നത്. നിലവിലെ പ്രവര്‍ത്തനരീതിയില്‍ ഒരുമാറ്റവും ഉണ്ടാകില്ളെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എസ്.ബി.ടിയില്‍ അക്കൗണ്ടുള്ള ആരും എസ്.ബി.ഐയില്‍ പുതുതായി അക്കൗണ്ട് എടുക്കേണ്ടിവരില്ല. നിലവിലെ അക്കൗണ്ട് നമ്പറിലും മാറ്റമുണ്ടാകില്ല. ഓണ്‍ലൈന്‍ ലിങ്കിങ്ങിന്‍െറ ഭാഗമായി നമ്പറിന് മുന്നില്‍ ഏതെങ്കിലും ഒരക്ഷരം വരാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ കൈയിലുള്ള എസ്.ബി.ടി ചെക്ക് ബുക്ക്, എ.ടി.എം എന്നിവ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഏറെ താമസിയാതെ അവയെല്ലാം എസ്.ബി.ഐയുടേതായി മാറും. രണ്ട് ബാങ്കിലും അക്കൗണ്ടുള്ളവര്‍ക്ക് രണ്ട് അക്കൗണ്ടും നിലനിര്‍ത്താന്‍ കഴിയും. വാഹന വായ്പ, ചിട്ടി തുടങ്ങിയവക്കായി ചെക്കുകള്‍ നല്‍കിയവര്‍ക്കും അത് തുടരാം. ഇലക്ട്രോണിക് കാഷ് ട്രാന്‍സ്ഫര്‍ സര്‍വിസുകളും അതേപോലെ തുടരും. രണ്ട് ബാങ്കുകളും തമ്മില്‍ പലിശയില്‍ നേരിയ വ്യത്യാസമുണ്ട്. അത് അടുത്ത ദിവസങ്ങളില്‍തന്നെ ഏകീകരിക്കും. വായ്പാ-നിക്ഷേപ മാനദണ്ഡങ്ങളും ഏകീകരിക്കും. 

കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴില്‍ സംരംഭം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം വായ്പ നല്‍കിയ ബാങ്കാണ് എസ്.ബി.ടി. ആ സാധ്യതകള്‍ ഇല്ലാതാകുമോ എന്ന ആശങ്കയാണ് ഇടപാടുകാര്‍ക്കുള്ളത്. ലാഭകരമല്ലാത്ത ബിസിനസ് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി ചെറുകിട നിക്ഷേപകരെ നിരുത്സാഹപ്പെടുത്തും, കുറഞ്ഞ തുകക്കുള്ള വായ്പകള്‍ ഇല്ലാതാകും തുടങ്ങിയ ആശങ്കകളും ഇടപാടുകാര്‍ക്കുണ്ട്. എന്നാല്‍, ബാങ്കിങ് മാന്വല്‍ പ്രകാരവും റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരവുമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചെറുകിട വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും വായ്പ നല്‍കുകയെന്ന് എസ്.ബി.ഐ വിശദീകരിക്കുന്നു.

ചെറുകിട വ്യവസായം, വിദ്യാഭ്യാസം, ഭവന നിര്‍മാണം തുടങ്ങിയ മുന്‍ഗണന മേഖലകള്‍ക്ക് 40 ശതമാനം, കൃഷിക്ക് 18 ശതമാനം എന്നിങ്ങനെ വായ്പ നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് നയം. എങ്കിലും ലാഭസാധ്യത കുറഞ്ഞ ഭവനവായ്പ, വാഹന വായ്പ, വാണിജ്യ വായ്പ തുടങ്ങിവയോടുള്ള താല്‍പര്യം കുറയുമെന്ന ആശങ്ക ബാക്കിയാണ്. എന്നാല്‍, ഓരോ സംസ്ഥാനത്തിന്‍െറയും ആവശ്യം മുന്നില്‍കണ്ട് പദ്ധതികള്‍ നടപ്പാക്കുന്നതാണ് എസ്.ബി.ഐ ശൈലിയെന്നും അത് കേരളത്തില്‍ തുടരുമെന്നുമാണ് വിശദീകരണം. 
ആശങ്കയോടെ ജീവനക്കാര്‍


ബാങ്ക് ലയനത്തില്‍ ഏറ്റവുമധികം ആശങ്കയുള്ളത് എസ്.ബി.ടി ജീവനക്കാര്‍ക്കാണ്. അധികമുള്ള ജീവനക്കാരെ ഒഴിവാക്കും, വിദൂര സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റും, പ്രമോഷന്‍ സാധ്യത മങ്ങും എന്നിവയാണ് മുഖ്യ ആശങ്കകള്‍. ഈ ആശങ്കകള്‍ ഏറക്കുറെ ശരിവെക്കുന്ന നീക്കങ്ങളാണ് കാണുന്നതും. അധിക ജീവനക്കാരെ ഒഴിവാക്കുന്നതിന്‍െറ ഭാഗമായി ഇപ്പോള്‍തന്നെ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല, വിരമിക്കുന്നവരുടെ ഒഴിവിലേക്ക് പുതുതായി ആരെയും എടുക്കുന്നുമില്ല. 

എന്നാല്‍, സര്‍ക്കാറിന്‍െറയും മാനേജ്മെന്‍റിന്‍െറയും വാദം മറിച്ചാണ്. എസ്.ബി.ഐയില്‍ അഞ്ച് അസോസിയറ്റ് ബാങ്കുകളെ ലയിപ്പിക്കുമ്പോള്‍ ജീവനക്കാരുടെ സേവന വ്യവസ്ഥകളില്‍ യാതൊരു പ്രശ്നവുമുണ്ടാകില്ളെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ബാങ്കുകളിലെയും ശമ്പളത്തില്‍ വ്യത്യാസമുണ്ട്. അത് ഏകീകരിക്കുമെന്നും സൂചന നല്‍കിയിട്ടുണ്ട്. 

അധികമുള്ള ശാഖകള്‍ പൂട്ടുന്നതിനാല്‍ സ്ഥലം മാറ്റമുണ്ടാകുമെന്ന കാര്യം ബാങ്ക് മേധാവികള്‍ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകില്ളെന്നും ക്ളറിക്കല്‍ തസ്തികയിലുള്ളവര്‍ക്ക് ദൂരത്തേക്ക് സ്ഥലംമാറ്റം ഉണ്ടാകില്ളെന്നും മാത്രമാണ് ഇപ്പോള്‍ നല്‍കുന്ന ഉറപ്പ്. ഇപ്പോള്‍തന്നെ എസ്.ബി.ടിയുടെ മുപ്പത് ശതമാനം ശാഖകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണെന്നും ഇവിടങ്ങളില്‍ 25 ശതമാനത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നുമാണ് വിശദീകരണം. മറ്റ് സംസ്ഥാനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് വരാനുള്ള സാധ്യത വര്‍ധിക്കുമെന്നൊക്കെയാണ് ആശ്വാസ പ്രഖ്യാപനങ്ങള്‍. 

ഈ വാഗ്ദാനങ്ങള്‍ വിശ്വസിക്കാതെ സമര പരിപാടികളുമായി മുന്നോട്ട് പോവുകയാണ് ജീവനക്കാര്‍. ലയനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് നാന്നൂറോളം ബാങ്ക് ശാഖകള്‍ പൂട്ടുമെന്നും മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും 55 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ നിര്‍ബന്ധിത സ്വയംവിരമിക്കലിന് വിധേയമാക്കുമെന്നുമാണ് യൂനിയനുകളുടെ  ആശങ്ക. 

എസ്.ബി.ഐയുടെ നേട്ടം

ഇപ്പോള്‍ ആഗോളതലത്തില്‍ എസ്.ബി.ഐക്ക് 58ാം സ്ഥാനമാണുള്ളത്. ലയനം പൂര്‍ത്തിയാവുന്നതോടെ 47ാം സ്ഥാനത്തേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ 50 ബാങ്കുകളില്‍ ഉള്‍പ്പെടുന്നതോടെ ആഗോളതല ബാങ്കിങ് ഇടപാടുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇത് പ്രവര്‍ത്തനലാഭത്തില്‍ കുതിപ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. 

ലയനത്തോടെ പ്രവര്‍ത്തനച്ചെലവിലുണ്ടാകുന്ന കുറവും ലാഭകാരണമാകും. ബാങ്കുകളുടെ ലയനംവഴി ആദ്യവര്‍ഷംതന്നെ ഈയിനത്തില്‍ 1000 കോടിയുടെ ലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷത്തെ ബാലന്‍സ്ഷീറ്റ് പതിവുപോലെ ബാങ്കുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കും. ആസ്തി, നിക്ഷേപം, വായ്പ, കരാറുകള്‍ തുടങ്ങി എല്ലാവിധ ഇടപാടുകളും എസ്.ബി.ഐക്ക് കൈമാറും.  

ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ടി ഉള്‍പ്പെടെ അനുബന്ധ ബാങ്കുകളുടെ ഓഹരികള്‍ റദ്ദാക്കപ്പെടും. ഇവയുടെ ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ എസ്.ബി.ഐയില്‍ മാറ്റിയെടുക്കേണ്ടിവരും. അനുബന്ധ ബാങ്കുകളുടെ ഓഹരി കൈമാറ്റം ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകും. ലയനം യാഥാര്‍ഥ്യമായി എസ്.ബി.ഐ ആഗോളതലത്തില്‍ ബാങ്കിങ് ഭീമനായി മാറിയാലും അതിന്‍െറ ഗുണം കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് ലഭിക്കുകയെന്ന മറുവാദവും ശക്തമാണ്. മാത്രമല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടം പെരുകുന്നതിനുള്ള സാധ്യതയും വര്‍ധിക്കും. 

മറ്റ് ബാങ്കുകള്‍ വന്‍കിട പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നത് വിവിധ ബാങ്കുകളുടെ കണ്‍സോര്‍ട്യം രൂപവത്കരിച്ചാണ്. സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാലും സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കായാലും കണ്‍സോര്‍ട്യം രൂപവത്കരിച്ചാണ് വായ്പ നല്‍കുക. പല ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ട്യം വായ്പ അനുവദിക്കും മുമ്പ് ഇത്തരം പദ്ധതികളുടെ ലാഭനഷ്ട സാധ്യതകള്‍ ഓരോ ബാങ്കും പ്രത്യേകം പരിശോധിക്കും. അതിനാല്‍ തട്ടിപ്പ് സാധ്യത ഒരുപരിധിവരെ കുറയും. ഇത് മാറി ഒറ്റ ബാങ്കാകുന്നതോടെ തീരുമാനമെടുക്കുന്ന കേന്ദ്രവും ഒന്നായി മാറും. അതാടെ കോര്‍പറേറ്റുകളുടെ താല്‍പര്യമാകും കൂടുതല്‍ സംരക്ഷിക്കപ്പെടുകയെന്ന വാദമാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ യൂനിയനുകള്‍ ഉയര്‍ത്തുന്നത്. ഈ ആശങ്കയിലെ നെല്ലും പതിരും കാത്തിരുന്ന് കാണാം.

Tags:    
News Summary - sbi sbt merging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.