തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ പരിധിയിലെ 1250 ക്ലറിക്കൽ ജീവനക്കാരെ ഒറ്റയടിക്ക് മാർക്കറ്റിങ് ജോലികളിലേക്ക് മാറ്റി നിയോഗിച്ചു. ഒരുതലത്തിലും കൂടിയാലോചനയില്ലാതെ കേരളത്തിൽ മാത്രമുണ്ടായ നടപടിക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. തിങ്കളാഴ്ച മുതൽ ഇത്രയും ക്ലർക്കുമാർ ബാങ്ക് കൗണ്ടറുകളിലെ ഇടപാടുകാരുടെ സേവന ജോലികളിൽനിന്ന് പിൻവലിക്കപ്പെടും. അതോടെ, ശാഖകളിലെ ജീവനക്കാരും അതുവഴി ഇടപാടുകാരും കൂടുതൽ സമ്മർദത്തിലും പ്രയാസത്തിലുമാകുമെന്ന ആശങ്കയുണ്ട്.
കേരളത്തിൽ 1250 ശാഖകളുള്ള എസ്.ബി.ഐക്ക് 7500 ക്ലറിക്കൽ ജീവനക്കാരാണുള്ളത്. ബിസിനസിൽ കുറവില്ലെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടാകുന്നത് സമീപകാലത്ത് ശാഖകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനിടക്കാണ് ‘മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്’ (എം.പി.എസ്.എഫ്) വിഭാഗത്തിലേക്ക് വലിയൊരു വിഭാഗം ക്ലർക്കുമാരെ മാറ്റുന്നത്. ബാങ്കിന്റെ ഇൻഷുറൻസ് പോലുള്ള ഉൽപന്നങ്ങൾ വിൽക്കുകയാണ് ഇവരുടെ ജോലി. ഇപ്പോൾ തന്നെ ജീവനക്കാർ കൗണ്ടർ ജോലികൾക്കൊപ്പം ഇതും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു പറ്റം ക്ലർക്കുമാരെ ഇതിന് മാത്രമായി നിയോഗിക്കുന്നത് കൗണ്ടർ സേവനത്തെ സാരമായി ബാധിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു. ക്ലർക്കുമാർക്കൊപ്പം 100 ഓഫിസർമാരെയും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.
മാർക്കറ്റിങ്ങിലേക്ക് മാറ്റപ്പെട്ടവർക്ക് കൗണ്ടർ ഇടപാടുകൾക്ക് അനുവദിച്ചിരുന്ന ‘സിസ്റ്റം റൈറ്റ്’ തന്നെ റദ്ദാക്കിയിട്ടുണ്ട്. ഇവർ നിർബന്ധമായും പുതിയ വിഭാഗത്തിലേക്ക് മാറണം. ഇതിൽ ഭിന്നശേഷിക്കാരും ചെറിയ കുഞ്ഞുങ്ങളുള്ള വനിതകളുമുണ്ട്. മാർക്കറ്റിങ് വിഭാഗത്തിലെ ജോലി മുകളിൽനിന്ന് നിരന്തരം കടുത്ത സമ്മർദം ഏൽക്കുന്ന ഒന്നാണ്. എസ്.ബി.ഐ ശാഖകളിലേറെയും നാമമാത്ര ജീവനക്കാരുള്ളതാണ് എന്നത് പ്രശ്നം കുറെക്കൂടി സങ്കീർണമാക്കുന്നുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കരണത്തിന്റെ പരീക്ഷണമാണ് കേരളത്തിൽ നടത്താൻ പോകുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.