ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന നിർണായക മാറ്റങ്ങളറിയാം; എസ്.ബി.ഐയിലും പരിഷ്കാരം

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്കുകളിൽ ചില നിർണായക മാറ്റങ്ങൾ നിലവിൽ വരികയാണ്. ചെക്ക് പേയ്മെന്റ്, പണമിടപാടുകൾ, വിവിധ സേവനങ്ങൾക്ക് ചുമത്തുന്ന ഫീസുകൾ എന്നിവയിലാണ് മാറ്റം. ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന മാറ്റങ്ങളറിയാം

ഐ.എം.പി.എസിന് പുതിയ നിയമവുമായി എസ്.ബി.ഐ

ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ബാങ്കിങ്ങിനോട് താൽപര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.എം.പി.എസ് സേവനത്തിലൂടെ സൗജന്യമായി കൈമാറാവുന്ന തുകയുടെ പരിധി എസ്.ബി.ഐ ഉയർത്തി. രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാക്കിയാണ് പരിധി ഉയർത്തിയത്. ചാർജുകളൊന്നുമില്ലാതെ അഞ്ച് ലക്ഷം രൂപ വരെ ഐ.എം.പി.എസ് സംവിധാനം വഴി എസ്.ബി.ഐയുടെ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിങ്ങിലൂടെ കൈമാറാമെന്ന് ബാങ്ക് അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്ക്

ഇ.എം.ഐ കൃത്യമായി അടക്കാതിരുന്നാലുള്ള പിഴ പി.എൻ.ബി ഉയർത്തി. 250 രൂപയാണ് പുതിയ പിഴ നിരക്ക്. നേരത്തെ അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ഇ.എം.ഐ ഇടപാടുകൾ നടക്കാതിരുന്നാൽ 100 രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്.

ബാങ്ക് ഓഫ് ബറോഡ പോസിറ്റീവ് പേ സിസ്റ്റം

ചെക്ക് ക്ലിയറൻസ് നിയമത്തിലാണ് ബാങ്ക് ഓഫ് ബറോഡ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ ചെക്ക് പേയ്മെന്റിന് ബാങ്ക് ഓഫ് ബറോഡയിൽ വെരിഫിക്കേഷൻ ആവശ്യമായി വരും. ഇക്കാര്യത്തിൽ ബാങ്കിന് കൺഫർമേഷൻ ലഭിച്ചില്ലെങ്കിൽ ചെക്ക് ക്ലിയറാകില്ല. പോസിറ്റീവ് പേ സിസ്റ്റം എന്നാണ് ബാങ്ക് ഓഫ് ബറോഡ പുതിയ സംവിധാനത്തെ വിളിക്കുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ചാർജ്

ഫെബ്രുവരി 10 മുതൽ ക്രെഡിറ്റ് കാർഡ് ചാർജുകൾ ഐ.സി.ഐ.സി.ഐ ബാങ്ക് ഉയർത്തി. ഉപയോക്താക്കൾ ഇനി 2.50 ശതമാനം ഇടപാട് ചാർജായി നൽകണം. ക്രെഡിറ്റ് കാർഡ് ബില്ലടക്കാൻ വൈകിയാൽ മൊത്തം തുകയുടെ രണ്ട് ശതമാനം പിഴയായി നൽകണം. ഇത് കൂടാതെ 50 രൂപയും ജി.എസ്.ടിയും ഉപയോക്താവിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഈടാക്കുകയും ചെയ്യും.

Tags:    
News Summary - What changes for banks in india from this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.