കട്ടപ്പന: കറുത്ത പൊന്നിന്റെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 700 കടന്നു. 2014ൽ കുരുമുളക് വില 700ൽ എത്തിയിരുന്നു. ആ വിലയാണ് ഇപ്പോൾ 705ലേക്ക് ഉയർന്നത്. ആറുമാസം മുമ്പ് കിലോക്ക് 480 രൂപയായിരുന്ന വില ജൂൺ ആദ്യ ആഴ്ച 650 രൂപയിലേക്ക് ഉയർന്നിരുന്നു അവിടെനിന്നാണ് ഇപ്പോൾ 705ലേക്ക് ഉയർന്നത്. ഒരാഴ്ചക്കിടെ കിലോക്ക് ശരാശരി 60 രൂപയുടെ വർധനയുണ്ടായി. വരുംദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഇന്തോനേഷ്യ, ബ്രസീൽ, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളകിന്റെ വരവ് അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും ഇന്ത്യൻ കുരുമുളകിന് പ്രിയമേറിയതുമാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആഭ്യന്തര ഉൽപാദനത്തിൽ ഇടിവുണ്ടായതും കനത്ത വേനലിനെ തുടർന്ന് കുരുമുളക് ചെടികൾ നശിച്ചതും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. അന്തർ ദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ ഡിമാൻഡ് ഉയർന്നതും വില വർധനക്ക് സഹായിച്ചു. ഇടുക്കിയിൽ കുരുമുളക് ചെടികൾക്ക് ഉണ്ടായ രോഗബാധ ഈ വർഷം ഉൽപാദനത്തെ ബാധിക്കുമെന്ന സൂചനകളും വില ഉയർച്ചക്ക് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.