തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് കേരള ചരക്ക് സേവന നികുതി ( KGST),കേരള മൂല്യവർധിത നികുതി(K -VAT) തുടങ്ങിയവയുമായി ബന്ധപ്പെട്ട് 15 വർഷത്തിലധികമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ തീർപ്പാക്കണമെന്ന് ആവശ്യവുമായി വ്യാപാരികൾ. മാനുഷിക പരിഗണന നൽകി വ്യാപാരികൾക്ക് ഗുണകരമാകുന്ന തരത്തിൽ ഇത് തീർപ്പാക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGSMA) സംസ്ഥാന ഭാരവാഹികൾ ധനമന്ത്രിയെ സമീപിച്ചു.
സാമാന്യ യുക്തിക്കു പോലും നിരക്കാത്ത രീതിയിലാണ് എല്ലാ കേസുകളുമെടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ മനോഭാവമനുസരിച്ച് ഊതി വീർപ്പിക്കപ്പെട്ടതാണ് പല കണക്കുകളുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. മൂന്ന് വർഷം പിറകിലോട്ടെടുത്താണ് ഓരോ വ്യാപാരിയുടെയും കണക്കുകൾ പരിശോധിച്ചിട്ടുള്ളത്. യഥാർത്ഥ പിഴവിൻമേലല്ലാത്ത കുറ്റത്തിനാണ് വലിയ പിഴയും മുൻകാല പ്രാബല്യവും ചുമത്തുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു.
ഡിപ്പാർട്ട്മെന്‍റിന് അപ്പീൽ നൽകുന്നതിനുള്ള 20 ശതമാനം ഡിമാന്‍റ് തുകയിൽ കുറവു വരുത്തിയിട്ടില്ലെന്നും ഒരിക്കലും തിരികെ നൽകാത്ത ലീഗൽ ബെനിഫിറ്റ് ഫണ്ട് നിർത്തലാക്കണമെന്നും വ്യാപാരികൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അനധികൃത മേഖലക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും അവർ പരാതിപ്പെട്ടു.
പരാതികളിൽ പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതായി വ്യാപാരികൾ അറിയിച്ചു.സംസ്ഥാന പ്രസിഡന്‍റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് സെക്രട്ടറി സി.വി.കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗം വിജയകൃഷ്ണ വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.