ന്യൂഡൽഹി: ഓഹരി വിപണിയിൽനിന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ ഊഹക്കച്ചവടത്തിലേക്ക് നീങ്ങുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് സാമ്പത്തിക സർവേ. നിക്ഷേപകർ വർധിക്കുന്നത് വിപണിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെങ്കിലും നിക്ഷേപത്തിൽ വലിയൊരുപങ്കും ഫ്യൂച്ചർ, ഒപ്ഷൻ മേഖലകളിലേക്ക് പോകുന്ന പ്രവണതക്ക് തടയിടേണ്ടതുണ്ട്. ലോകത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവയിൽ ഒന്നാണ് ഇന്ത്യൻ ഓഹരി വിപണി. കഴിഞ്ഞ സാമ്പത്തിക വർഷം നിഫ്റ്റി 50 സൂചിക 26.8 ശതമാനം നേട്ടമാണുണ്ടാക്കിയത്. മുൻവർഷം 8.2 ശതമാനം നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്. ഈ വർഷം ഇതുവരെ സെൻസെക്സും നിഫ്റ്റിയും 10 ശതമാനത്തോളം വളർച്ച നേടി. ചില്ലറ നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ് കുതിപ്പിന് കാരണം. ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 18.2 കോടിയാണ്. കഴിഞ്ഞ ഒരു വർഷം മാത്രം 4.5 കോടി നിക്ഷേപകരുടെ വർധനയാണുണ്ടായത്.
ഉൽപാദന ബന്ധിത ഇൻസന്റിവ് പദ്ധതികളുടെ പിൻബലത്തിൽ ആഭ്യന്തര ഉൽപാദനം ഉയർന്നതും കയറ്റുമതി വർധിച്ചതും വ്യാപാരക്കമ്മി കുറക്കുമെന്ന് സാമ്പത്തിക സർവേ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്മി 24000 കോടി ഡോളറായി കുറഞ്ഞു. മുൻവർഷം ഇത് 26500 കോടി രൂപയായിരുന്നു. .
ഉയരുന്ന തൊഴിൽശക്തിയുടെ പശ്ചാത്തലത്തിൽ 2030വരെ കാർഷികേതര മേഖലയിൽ പ്രതിവർഷം 78.5 ലക്ഷം എന്ന തോതിൽ തൊഴിൽ സൃഷ്ടിക്കണം. തൊഴിലവസരങ്ങളിൽ കാർഷിക മേഖലയുടെ പങ്ക് 2023ലെ 45.8 ശതമാനത്തിൽനിന്ന് 2047ൽ 25 ശതമാനമായി കുറയും. അതിനാൽ, മറ്റ് മേഖലകളിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കണം.
കമ്പനികളുടെ ലാഭം വർധിക്കുന്നതിനനുസരിച്ച് നിയമനങ്ങളും വേതന വർധനവും ഉണ്ടാകുന്നില്ല. സ്വകാര്യ മേഖലയിലാണ് തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുന്നത്. 33,000ത്തിലധികം കമ്പനികളുടെ സാമ്പിൾ ഫലങ്ങൾ കാണിക്കുന്നത്, 2019-20 നും 2022-23 നും ഇടയിലുള്ള മൂന്ന് വർഷങ്ങളിൽ, ഇന്ത്യൻ കോർപറേറ്റ് മേഖലയുടെ നികുതിക്ക് മുമ്പുള്ള ലാഭം ഏകദേശം നാലിരട്ടിയായെന്നാണ്. അതേസമയം, നിയമനങ്ങളും വേതനവും ഇതിനോട് ചേർന്നുനിൽക്കുന്നില്ല. തൊഴിൽ എന്നത് പണത്തിെന്റ മാത്രം കാര്യമല്ല. അത് അന്തസ്സ്, ആത്മാഭിമാനം, കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ഥാനം എന്നിവ കൂടിയാണ്.
കാർഷിക മേഖലയിൽ സമഗ്ര പരിഷ്കരണം ആവശ്യമാണ്. ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം കാർഷിക മേഖലയുടെ സുസ്ഥിര വളർച്ചയും സാധ്യമാക്കണം. ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിന് ആനുകൂല്യങ്ങൾ നൽകുന്നതിനും ഭക്ഷ്യവില ന്യായമായ പരിധിയിൽ നിലനിർത്തുന്നതിലും സന്തുലിതത്വം വേണം. വിള വൈവിധ്യവത്കരണവും മേഖലയിലെ മൊത്തത്തിലുള്ള കാര്യക്ഷമതയും വർധിപ്പിക്കണം. കാർഷിക സാങ്കേതിക വിദ്യയുടെ നവീകരണം, കാർഷിക രീതികളിൽ ആധുനിക വൈദഗ്ധ്യം കൊണ്ടുവരുക, കാർഷിക വിപണന മാർഗങ്ങൾ വർധിപ്പിക്കൽ, വില സ്ഥിരത, കൃഷിയിൽ നൂതനാശയങ്ങൾ സ്വീകരിക്കൽ, രാസവളം, വെള്ളം, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ പാഴാകൽ കുറക്കൽ എന്നിവയും അനിവാര്യമാണ്.
അന്താരാഷ്ട്ര കയറ്റുമതി വർധിപ്പിക്കുന്നതിന് ചൈനയുടെ വിതരണ ശൃംഖലയുടെ ഭാഗമാവുകയോ ചൈനയിൽനിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിക്കുകയോ വേണം. കിഴക്കനേഷ്യൻ രാജ്യങ്ങൾ കഴിഞ്ഞ കാലത്ത് അനുവർത്തിച്ച നയമാണ് ഇത്. അമേരിക്കയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനയിൽനിന്നുള്ള നിക്ഷേപം സഹായിക്കും. വ്യാപാരത്തേക്കാൾ ചൈനയിൽനിന്നുള്ള വിദേശ നിക്ഷേപത്തെ ആശ്രയിക്കുന്നതാണ് കൂടുതൽ അഭികാമ്യം. ഇരു രാജ്യങ്ങളും തമ്മിൽ വർധിക്കുന്ന വ്യാപാരക്കമ്മി പിടിച്ചുനിർത്താൻ ഇത് ഉപകരിക്കും.
നിർമിത ബുദ്ധി വിവിധ മേഖലകളിൽ ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ചില മേഖലകളിൽ തൊഴിൽ നഷ്ടമാകാൻ നിർമിത ബുദ്ധി കാരണമാകും. അതേസമയം, വൈദ്യുതി, ഇന്റർനെറ്റ് എന്നിവ പോലെ പൊതുതാൽപര്യ സാങ്കേതിക വിദ്യയായ നിർമിത ബുദ്ധിയോട് ഇന്ത്യക്ക് പുറംതിരിഞ്ഞുനിൽക്കാനാവില്ല. അതിവേഗമാണ് ഈ സാങ്കേതിക വിദ്യയുടെ വളർച്ച. ഉപഭോക്തൃ സമ്പർക്കം പോലുള്ള സേവന മേഖലകൾ കൂടുതൽ യാന്ത്രികമാകും. വിദ്യാഭ്യാസം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലും നിർമിത ബുദ്ധിയുടെ സ്വാധീനമുണ്ടാകും.
ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ തൊഴിൽ വൈദഗ്ധ്യത്തിന് ഉയർന്ന പരിഗണന നൽകണം. ഇന്ത്യയിലെ യുവ തൊഴിൽശക്തിയിൽ 4.4. ശതമാനത്തിന് മാത്രമാണ് വൈദഗ്ധ്യമുള്ളത്. കളിപ്പാട്ടം, വിനോദസഞ്ചാരം, പാദരക്ഷകൾ, ചരക്കുനീക്കം, ടെക്സ്റ്റയിൽസ് തുടങ്ങിയ ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽ ഉൽപാദന ബന്ധിത ഇൻസന്റിവ്, തൊഴിൽ ബന്ധിത ഇൻസന്റിവ് എന്നിവയെ നൈപുണ്യ വികസനവുമായി ബന്ധിപ്പിക്കണം.
വിദ്യാഭ്യാസ നിലവാരം, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസം, മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര, സംസ്ഥാന, തദ്ദേശ തലങ്ങളിൽ ശ്രമങ്ങളുണ്ടാകണം. മൂന്നാംതരം പാസാകുന്ന വിദ്യാർഥിക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാ വിജ്ഞാനവും വിഭാവനം ചെയ്യുന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസ പോളിസി. ഇന്ത്യയുടെ വികസനത്തിൽ ഏറ്റവും പ്രധാനഘടകം വിദ്യാഭ്യാസമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം വിദ്യാഭ്യാസം ഉൾപ്പെടെ സാമൂഹിക സേവന മേഖലയിൽ സർക്കാർ ധനവിനിയോഗം 9.36 ശതമാനം വർധിച്ച് 23.50 ലക്ഷം കോടി രൂപയായി. ഇതിൽ 8.28 ലക്ഷം കോടി രൂപയും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിച്ചത്.
ഈ വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം 3.7 ശതമാനം വർധിച്ച് 12400 കോടി ഡോളറും അടുത്ത വർഷം നാല് ശതമാനം വർധിച്ച് 12900 കോടി ഡോളറുമാകും. സേവന കയറ്റുമതി കഴിഞ്ഞാൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശപണം ലഭിക്കുന്നത് പ്രവാസികൾ അയക്കുന്ന തുകയിലൂടെയാണ്. എണ്ണസമ്പന്ന രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസിപ്പണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.