യു.പി.ഐ ഇടപാടിൽ വൻ വർധന; പ്രതിമാസം പുതിയ 60 ലക്ഷം ഉപയോക്താക്കൾ

ന്യൂഡൽഹി: യൂണിഫൈഡ് പേമെന്‍റ് ഇൻർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടിൽ വൻ വർധനയെന്ന് നാഷനൽ പേമെന്‍റ്സ് കോർപറേഷൻ (എൻ.പി.സി.ഐ) ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രവീണ റായ്. റുപേ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ബന്ധിപ്പിച്ചതും കൂടുതൽ വിദേശരാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയതുമാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ വർധിക്കുന്നതിലേക്ക് നയിച്ചത്. ഓരോ മാസവും 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ യു.പി.ഐയിലേക്ക് വരുന്നതായും പ്രവീണ റായ് പറഞ്ഞു.

എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടെ 49 ശതമാനമാണ് യു.പി.ഐ ഇടപാടുകളിൽ വർധനയുണ്ടായത്. ആകെ ട്രാൻസാക്ഷൻ വാല്യു ജൂണിൽ 20.1 ലക്ഷംകോടി രൂപയിലേക്ക് ഉയർന്നു. 66,903 കോടി രൂപ മൂല്യം വരുന്ന 463 ദശലക്ഷം ഇടപാടുകളാണ് ഓരോ ദിവസവും നടക്കുന്നത്. മൂന്ന് വർഷം മുമ്പ് റുപേ ക്രെഡിറ്റ് കാർഡുകളുടെ വിപണി വിഹിതം ഒരു ശതമാനമായിരുന്നത് പത്ത് ശതമാനത്തിലേക്ക് ഉയർന്നു.

രാജ്യത്ത് വൻ വിജയമായതോടെ വിദേശ രാജ്യങ്ങളിലും യു.പി.ഐ സേവനം ലഭ്യമക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ യു.എ.ഇയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ അൽ മായ യു.പി.ഐ പേമെന്‍റുകൾ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഫ്രാൻസിലും ഏതാനും ഗൾഫ് രാജ്യങ്ങളിലും യു.പി.ഐ സേവനം ആരംഭിച്ചിരുന്നു. വരും വർഷങ്ങളിൽ പ്രതിദിനം നൂറ് കോടി യു.പി.ഐ ഇടപാടുകൾ എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് എൻ.പി.സി.ഐ ചെയർമാൻ അജയ്കുമാർ ചൗധരി പറഞ്ഞു.

Tags:    
News Summary - UPI Adding Up To 60 Lakh New Users Every Month, Global Adoption Surges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.