ദുബൈ: എമിറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനവും വളർച്ചയും ലക്ഷ്യമിട്ട് ലുലു ഗ്രൂപ് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പുമായി കൈകോർക്കുന്നു. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീമും സാമ്പത്തിക വികസന വകുപ്പിന്റെ ഭാഗമായ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുൽ ബാസിത് അൽ ജനാഹിയും ഒപ്പുവെച്ചു.
വ്യവസായ വികസന വകുപ്പ് ഡയറക്ടർ റാഫത്ത് റദ്വാൻ വാബിഹ്, ലുലു ദുബൈ, വടക്കൻ എമിറേറ്റ്സ് ഡയറക്ടർ ജെയിംസ് കെ. വർഗീസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ധാരണപ്രകാരം ചെറുകിട, ഇടത്തരം സ്റ്റാർട്ടപ്പുകളെ പിന്തുണക്കുകയും വിൽപന വർധിപ്പിക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ശൃംഖല ഉപയോഗപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം ലുലുവിൽ ദുബൈ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കും. ലുലുവിന്റെ വിവിധ പ്രമോഷനൽ പ്ലാറ്റ്ഫോമുകൾ വഴി വലിയ രീതിയിൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതുവഴി ഉൽപന്നങ്ങളുടെ വിപണി സാന്നിധ്യവും വളർച്ചയും ഉറപ്പുവരുത്താനാകും.
ലുലു എക്കാലവും പ്രദേശിക സംരംഭങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും പിന്തുണച്ചിട്ടുണ്ടെന്നും സാമ്പത്തിക, ടൂറിസം വകുപ്പുമായുള്ള സഹകരണത്തിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളെയും യുവസംരംഭകരെയും സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.