ന്യൂഡൽഹി: രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് 2022ലെ ആഗോള അസമത്വ റിപ്പോർട്ട്. 2021ൽ ഇത് വർധിച്ചുവെന്നും ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്‍റെ പ്രതിശീർഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്‍റെ അഞ്ചിലൊന്നിലധികമാണ്. ആദ്യ പത്ത് ശതമാനത്തിന്‍റെ വരുമാനം മൊത്തം വരുമാനത്തിന്‍റെ 57 ശതമാനവും.
സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 50 ശതമാനം ജനത്തിന്‍റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്‍റെ 13 ശതമാനം മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ കുടുംബങ്ങളുടെ ശരാശരി സമ്പത്ത് 9,83,010 രൂപയാണ്. എന്നാൽ അവസാന 50 ശതമാനം ആളുകളുടെ കൈയിൽ ഒന്നുമില്ല, കാരണം അവരുടെ ശരാശരി സമ്പാദ്യം 66,280 രൂപ മാത്രമാണെന്നും കണക്കുകൾ പറയുന്നു.
ഇന്ത്യയിൽ ഇടത്തരക്കാരും ദാരിദ്ര്യത്തിലാണ്. അവരുടെ പക്കലുള്ള ശരാശരി സ്വത്ത് 7,23,930 രൂപയാണ്. അതായത് ഇവരുടെ കൈയിൽ 29.5 ശതമാനം സ്വത്ത് മാത്രം.
ആദ്യ പത്ത് ശതമാനത്തിന്‍റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്‍റെ പക്കൽ 33 ശതമാനം ആസ്തിയുമുണ്ട്. ആദ്യ 10 ശതമാനം പേരുടെ ആസ്തി 63.54 ലക്ഷമാണ്. അതിസമ്പന്നരായ ഒരു ശതമാനത്തിന് ശരാശരി 3.24 കോടി രൂപയുടെ ആസ്തിയുണ്ട്.
രാജ്യത്ത് ലിംഗ അസമത്വവും വർധിക്കുന്നതായി കണക്കുകൾ പറയുന്നു. ഇന്ത്യയിൽ സ്ത്രീകളുടെ വരുമാനവിഹിതം 18 ശതമാനമാണ്. ഇത് ഏഷ്യൻ ശരാശരിക്കും താഴെയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.