വിമാനം പറത്താനാളില്ല; വിസ്താരയുടെ പ്രവർത്തനം താളംതെറ്റി; ഇന്ന് 38 സർവിസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: വിമാനം പറത്താൻ പൈലറ്റുമാരില്ലാത്തതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനി വിസ്താരയുടെ പ്രവര്‍ത്തനം താറുമാറായി. മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്നുള്ള 38ഓളം സർവിസുകളാണ് ചൊവ്വാഴ്ച രാവിലെ കമ്പനി റദ്ദാക്കിയത്.

മതിയായ പൈലറ്റുമാരോ ക്രൂ ജീവനക്കാരോ ഇല്ലാത്തതിനാൽ തിങ്കളാഴ്ച 50 വിമാന സർവിസുകൾ റദ്ദാക്കുകയും 160 സർവിസുകൾ വൈകുകയും ചെയ്തിരുന്നു. പലരും വിമാനത്താവളത്തിൽ എത്തുമ്പോഴാണ് സർവിസ് റദ്ദാക്കിയ വിവരം അറിയുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. നേരത്തെ മുന്നറിയിപ്പ് നൽകാത്തതും വിമാനത്താവളത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പും സംബന്ധിച്ച് യാത്രക്കാർ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ വിമാന സര്‍വിസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തെന്നും വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്നും വിസ്താര കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

മുംബൈയിൽനിന്നുള്ള 15 സർവിസുകളും ഡൽഹിയിൽനിന്നുള്ള 12 സർവിസുകളും ബംഗളൂരുവിൽനിന്നുള്ള 11 സർവിസുകളുമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. താൽകാലികമായി വിമാന സര്‍വിസുകളുടെ എണ്ണം കുറക്കാനാണ് കമ്പനി തീരുമാനം. പകരമായി യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Vistara Pilot Crisis Deepens, Dozens Of Flights Cancelled Across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.