സുഗന്ധവ്യഞ്ജന വിപണിയില്‍ ഗതികേടിന്‍െറ ദുര്‍ഗന്ധം

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റിയയക്കുന്നത് കേരളത്തില്‍നിന്നാണ്. രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിക്കൊടുക്കുന്ന മേഖലയുമാണത്. 14014 കോടിയുടെ വിദേശ നാണ്യമാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സുഗന്ധ വ്യഞ്ജന കയറ്റുമതിയിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 12304 കോടിയായിരുന്നു. 
സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയുമാണ്. സ്പൈസസ് ബോര്‍ഡ് കയറ്റുമതി വിജയങ്ങളുടെ ഗാഥയോതുമ്പോള്‍ പക്ഷേ, കര്‍ഷകര്‍ക്ക് പറയാനുള്ളത് കൃഷിപ്പിഴയുടെയും വിലക്കുറവിന്‍െറയും നഷ്ടത്തിന്‍െറയുമൊക്കെ കണ്ണീര്‍ക്കഥകളാണെന്ന് മാത്രം. ഏലക്ക, കുരുമുളക്, വറ്റല്‍മുളക്, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, പെരുഞ്ചീരകം, വെളുത്തുള്ളി, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിന്‍, തേയില  തുടങ്ങിയവയാണ് കൂടുതലായി കയറ്റിപ്പോകുന്നതും. 
ഏലം വില കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് വന്നുനില്‍ക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് കിലോക്ക് 2000 രൂപവരെ ഉയര്‍ന്ന ഏലക്കവില കഴിഞ്ഞ ദിവസങ്ങളില്‍ 550വരെ താഴ്ന്നതിനുശേഷം ഇപ്പോള്‍ അല്‍പം ഉയര്‍ന്ന് നില്‍ക്കുകയാണ്; ശരാശരി 640 രൂപവരെ. എട്ടുമാസം മുമ്പ് 900 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും ചുരുങ്ങിയത്  700 രൂപയെങ്കിലും കിട്ടിയാലേ മുതലെങ്കിലും ഒത്തുകിട്ടൂ എന്നാണ് കര്‍ഷകരുടെ വാദം.  വിലയിടിവ് കാരണം ചെറുകിട തോട്ടങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിന് ബോണസ് കൊടുക്കാന്‍ പോലും കഴിയാത്ത തോട്ടങ്ങള്‍ നിരവധിയാണ്. മുംബൈ ആസ്ഥാനമായുള്ള ബിസിനസ് ലോബിയാണ് ഏലം വില കുറക്കുന്നതിന് പിന്നിലെന്നാണ് ഏലം കര്‍ഷകരുടെ സംഘടന ആരോപിക്കുന്നതും. വില കുറക്കുന്നതിന് പിന്നില്‍ ഒത്തുകളി നടക്കുന്നുണ്ടെന്ന്.  കഴിഞ്ഞ കാലവര്‍ഷ പിഴ കാരണം ഉല്‍പാദനം ഗണ്യമായി കുറഞ്ഞതിന്‍െറ വിഷമത്തിലിരിക്കുമ്പോഴാണ് ഇടിത്തീപോലെ വില കുറവും വന്നുപെട്ടിരിക്കുന്നത്. ഇതോടെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറുകിട കര്‍ഷകര്‍ ജീവിതംപോലും വഴിമുട്ടിയ അവസ്ഥയിലാണ്. 
മറ്റ് വിളകളെ അപേക്ഷിച്ച് ഏലക്കക്ക് ഒരു കുഴപ്പമുണ്ട്; വില ഉയരുന്നതും കാത്തിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. നിറം,രൂപം, മണം എന്നിവ നോക്കിയാണ് ഏലക്കയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നത്. കാത്തുവെക്കുന്തോറുംഗുണം കുറയുകയും കൂടുതല്‍ കൂടുതല്‍ വില ഇടിയുകയും ചെയ്യും. ഇടുക്കിയില്‍നിന്നുള്ള ഏലക്കയാണ് ഏറ്റവും ഗുണമേറിയതായി കണക്കാക്കുന്നത്. ഇതിന് വില കൂടുതലാണെന്ന് പറഞ്ഞ്, പകരം ഗ്വാട്ടമാലയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ഏലക്ക ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇതും വിലയിടിവിന് കാരണമാകുന്നു. 
ബോഡിനായ്ക്കനൂരില്‍ നടന്ന ഏലം ലേലത്തില്‍  വിലയില്‍ 2.6 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. ജനുവരിയിലും പ്രതീക്ഷക്ക് വകയില്ളെന്ന് ചുരുക്കം. 
വില കുറക്കുന്നതിനുള്ള തന്ത്രത്തിന്‍െറ ഭാഗമായി കച്ചവടക്കാന്‍ വിട്ടുനില്‍ക്കുന്നതാണ് കാരണമായി പറയുന്നത്. വന്‍തോതിലുള്ള ഇറക്കുമതി തടയുന്നതിന് സ്പൈസസ് നടപടി ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തെ സമീപിച്ചിരുന്നു. 
തുടര്‍ന്ന് ഇറക്കുമതി ഏലത്തിന് തറവില നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടൊന്നും പക്ഷേ, ഗുണമില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. 
കുരുമുളക് ആകട്ടെ ഇക്കുറി ഉല്‍പാദത്തില്‍ 20 ശതമാനംവരെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ 70,000 ടണ്ണിന്‍െറ മികച്ച വിളവാണ് ഉയരുന്നത്. കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളുടെ യോഗം സ്പൈസസ് ബോര്‍ഡില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടുത്ത വിളവെടുപ്പ് സീസണ്‍ ജനുവരിയിലാണ് ആരംഭിക്കുക.21450 ടണ്‍ കുരുമുളക് കയറ്റുമതിയിലൂടെ 1200 കോടിയുടെ വിദേശനാണ്യമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. സപൈ്ള കുറവും ഉയര്‍ന്ന വിലയുമാണ് പ്രശ്നമെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒരു കിലോക്ക് 765 രൂപവരെ ലഭിച്ചിരുന്നത് 700ല്‍ താഴെയായെന്ന് കര്‍ഷകരും പരിതപിക്കുന്നു. വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളകാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകിന് ഭീഷണി ഉയര്‍ത്തുന്നത്. 
ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള തേയിലയും പ്രതിസന്ധിയിലാണ്. തേയില വ്യവസായം അതിന്‍െറ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നതാണ് തോട്ടമുടമകളുടെ സംഘടനയായ ദി യുനൈറ്റഡ് പ്ളാന്‍േറഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ (ഉപാസി) യുടെ പ്രസിഡന്‍റ് വിജയന്‍ രജസ് വിശദീകരിക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഒരുകിലോ തേയില വിലയില്‍ 22 രൂപയുടെ കുറവാണുണ്ടായത്. ഒരുകിലോ തേയിലക്ക് 2014ല്‍ 15.85 രൂപയും 2015 ആദ്യപകുതിയില്‍ 6.08 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 2013ല്‍ ഒരുകിലോ തേയിലക്ക് നൂറുരൂപക്ക് മേലുണ്ടായിരുന്ന വില ഇപ്പോള്‍ 80 രൂപയായി. 
തേയില വിലയിടിവ് കാരണം ദക്ഷിണേന്ത്യയിലെ 3.65 ലക്ഷം തോട്ടം തൊഴിലാളികളും 70,000 ചെറുകിട തോട്ടം ഉടമകളും അവരുടെ കുടുംബവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തേയില വ്യവസായത്തില്‍ വിദേശ നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയ ഉപാധികള്‍ 2013ല്‍ എടുത്തുകളഞ്ഞിട്ടും ഈ വ്യവസായത്തിലേക്ക് വിദേശ നിക്ഷേപം ഒഴുകിവരാത്തതിന് കാരണം ഈ പ്രതിസന്ധിയാണെന്നും അവര്‍ വിശദീകരിക്കുന്നു. 

സ്പൈസസ് ബോര്‍ഡിന് കണക്ക് വേറെ 
സുഗന്ധ വ്യഞ്ജന മേഖലയില്‍ പ്രതിസന്ധി വിളയുമ്പോഴും സ്പൈസസ് ബോര്‍ഡിന് പറയാനുള്ളത് മറ്റൊരു കണക്ക്. കയറ്റുമതി രംഗത്ത് കൂടുതല്‍ നേട്ടമുണ്ടായെന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്. 
നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ രാജ്യത്തെ സുഗന്ധ വ്യഞ്ജന കയറ്റുമതി 3976.65 കോടിയിലത്തെിയതായും മുന്‍ മുന്‍ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 3059.74 കോടിയായിരുന്നുവെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. വെളുത്തുള്ളി, കുരുമുളക്, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിന്‍ എന്നിവയുടെ കയറ്റുമതിയാണ് ആദ്യപകുതിയിലെ  വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത്.
 ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് വിപണി കണ്ടത്തെുന്നതിന് സ്പൈസസ് ബോര്‍ഡ് വിദേശത്ത് വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍െറ ഫലമായിക്കൂടിയാണ് കയറ്റുമതി വര്‍ധനയുണ്ടായതെന്നാണ് ബോര്‍ഡിന്‍െറ പക്ഷം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.