ന്യൂഡൽഹി: ആളുകൾ വ്യാപകമായി ബി.എസ്.എൻ.എല്ലിലേക്ക് മാറുന്ന പ്രവണത തുടരുന്നു. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ വർധന രേഖപ്പെടുത്തി. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുന്നത് തുടരുകയുമാണ്.
ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കാൾ, ഇന്റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകൾ ബി.എസ്.എൻ.എല്ലിലേക്ക് മാറാൻ ആരംഭിച്ചത്. വരിക്കാർ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തൽക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ, ഇത് തെറ്റിയിരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്ന സെപ്റ്റംബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബറിൽ 8,49,206 പുതിയ മൊബൈൽ ഉപയോക്താക്കളെ ബി.എസ്.എൻ.എല്ലിന് ലഭിച്ചെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ജൂലൈയില്‍ 29.4 ലക്ഷം, ആഗസ്റ്റില്‍ 25 ലക്ഷവും വരിക്കാരെ ബി.എസ്.എൻ.എല്ലിന് ലഭിച്ചിരുന്നു. ഇതോടെ ബി.എസ്.എന്‍.എല്ലിന്റെ ആകെ ഉപഭോക്താക്കളുടെ എണ്ണം ഒമ്പത് കോടി കവിഞ്ഞു. ഇതിലൂടെ വിപണി വിഹിതം 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധിച്ചു.
അതേസമയം, സെപ്റ്റംബറിൽ ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ നെറ്റ്വര്‍ക്കുകൾക്ക് ആകെ ഒരു കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതിൽ 79.7 ലക്ഷം പേരെയാണ് ജിയോക്ക് നഷ്ടമായത്. എയര്‍ടെല്ലിന് 14 ലക്ഷം പേരെയും വോഡാഫോണ്‍-ഐഡിയക്ക് 15 ലക്ഷം പേരെയും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.