വ്യവസായ തൊഴിലാളികളുടെ ഇ.പി.എഫ് തുകക്ക് ആദായ നികുതി

ന്യൂഡല്‍ഹി: ഇതു വരെ ആദായ നികുതി മുക്തമായിരുന്ന വ്യവസായ തൊഴിലാളികളുടെ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനും നികുതി വരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച പുതിയ ബജറ്റില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി. മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ക്ക് തുല്ല്യമാക്കുക എന്ന പേരിലാണ് തൊഴിലാളികള്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഇ.പി.എഫ് പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത്. ഇതിന് മുന്നോടിയായി ഇ.പി.എഫിലെ നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വിലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

അഞ്ചു കൊല്ലം തുടര്‍ച്ചയായ സേവനത്തിന് ശേഷം ഒരു ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ ഇ.പി.എഫില്‍ നിന്ന് ലഭിക്കുന്ന തുകയ്ക്ക് ഇതുവരെ നികുതിയില്ലായിരുന്നു. കൂടാതെ ഈ പദ്ധതിയിലേക്ക് ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കേണ്ട തുകയ്ക്കും അധികമായി അടക്കുന്ന തുകയ്ക്കും 80 സി വകുപ്പ് പ്രകാരം ഒന്നര ലക്ഷം രൂപക്കുവരെ ആദായ നികുതി ഇളവിനും അര്‍ഹതയുണ്ടായിരുന്നു. അകൗണ്ടിലെ തുകയ്ക്ക് ലഭിക്കുന്ന പലിശക്കും നികുതി ചുമത്തിയിരുന്നില്ല. ഫലത്തില്‍ ഒരു ഘട്ടത്തിലും നികുതി ചുമത്തപ്പെടാത്ത നിക്ഷേപമായിരുന്നു ഇ.പി.എഫിലേത്. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് അധിക ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി ചുമത്തിയിരുന്നു. ഇ.പി.എഫിന് സമാനമായി എന്‍.പി.എസിലെ നിക്ഷേപങ്ങളും എല്ലാ ഘട്ടത്തിലും നികുതി മുക്തമാക്കണമെന്ന് അന്ന് മുതല്‍ ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് അംഗീകരിക്കുന്നുവെന്ന വ്യാജേനയാണ് തൊഴിലാളികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഇ.പി.എഫ് തുകയ്ക്കും നികുതി ചുമത്തിയത്. പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് എന്‍.പി.എസ് കാലാവധി എത്തുമ്പോള്‍ പിന്‍വലിക്കാവുന്ന 40 ശതമാനം തുകയ്ക്ക് ഇനി നികുതിയില്ല. ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയിരിക്കണം. ഇതേ മാനദണ്ഡമാണ് ഇ.പി.എഫിനും ബാധകമാക്കിയത്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ അടക്കുന്ന തുക വഴി ഇ.പി.എഫില്‍ സമാഹരിക്കപ്പെടുന്ന തുകയുടെ 40 ശതമാനം മാത്രമേ നികുതി മുക്തമായിരിക്കുകയുള്ളൂ. ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങുന്നില്ളെങ്കില്‍ ആ തുകയ്ക്ക് നികുതി നല്‍കേണ്ടി വരും.

ബജറ്റില്‍ ആദായ നികുതിദായകര്‍ക്കുള്ള മറ്റ് ഇളവുകള്‍
1. നികുതി ബാധ്യതയുള്ള വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെയുള്ള നികുതിദായകര്‍ക്ക് 3000 രൂപയുടെ അധിക നികുതി കിഴിവ്. ആദായ നികുതി നിയമത്തിന്‍െറ 87 എ വകുപ്പ് പ്രകാരം നിലവില്‍ നികുതിയില്‍ ലഭിക്കുന്ന 2000 രൂപയുടെ ഇളവ് പുതിയ ബജറ്റില്‍ 5000 രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ ഫലത്തില്‍ അടിസ്ഥാന കിഴിവ് മൂന്ന് ലക്ഷം രൂപയാവും.
2. 80 ജി. ജി വകുപ്പ് പ്രകാരം വാടക വീടുകളില്‍ താമസിക്കുന്ന നികുതിദായകര്‍ക്ക് വാടക നല്‍കിയ ഇനത്തില്‍ ലഭിക്കുന്ന ഇളവ് നിലവിലെ 24000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി.
3. ആദ്യമായി വീട് സ്വന്തമാക്കുന്നവര്‍ക്ക് ഭവന വായ്പാ പലിശയില്‍ 50,000 രൂപയുടെ അധിക കിഴിവ. എന്നാല്‍ 35 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് മാത്രമേ ഈ ഇളവിന് അര്‍ഹതയുണ്ടാവൂ. കൂടാതെ വീടിന്‍െറ നിര്‍മാണ ചിലവ് 50 ലക്ഷം രൂപയില്‍ കൂടാനും പാടില്ല.
4. ദേശീയ പെന്‍ഷന്‍ പദ്ധതി, എംപ്ളോയീസ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ചുമത്തിയിരുന്ന സേവന നികുതി ഒഴിവാക്കി. ഒറ്റ തവണ പ്രീമിയം അടക്കേണ്ട ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ക്കുള്ള സേവന നികുതി നിലവിലെ 3.5 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമാക്കി.
5. പുതിയ ജീവനക്കാര്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്ക് 8.33 ശതമാനം വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഇ.പി.എഫില്‍ അടക്കും. ഇതിനായി 1000 കോടി ബജറ്റില്‍ നീക്കിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.