കണ്ണൂർ: പുതിയ സാഹചര്യത്തെ ടെക്സ്റ്റൈൽ മേഖല അതിജീവിക്കണമെങ്കിൽ സർക്കാർ സഹായം ആവശ്യമാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ പി.പി. അബ്ദുൽ ഹമീദ് പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് ജോലി കൊടുക്കുന്ന മേഖലയാണിത്. ആയിരക്കണക്കിന് ജീവനക്കാരാണ് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. സർക്കാർ സഹായം ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല.
ജീവനക്കാർക്ക് വരുമാനമില്ലാതെ ജീവിക്കാനാവില്ല. ബിസിനസ് നടക്കാതെ ഉടമകൾക്ക് എങ്ങനെയാണ് ശമ്പളം നൽകാനാവുക. ഒരു മാർഗവുമില്ല. ലുലു സാരീസ് സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിട്ടുണ്ട്. എന്നാൽ, കസ്റ്റമേഴ്സ് ഇല്ല. കോവിഡ് ഭീതി കാരണം ജനങ്ങൾ പുറത്തിറങ്ങുന്നില്ല. കോവിഡ് ഭീഷണി തുടരുകയാണെങ്കിൽ ഈ മേഖലയുടെ ഭാവി ആശങ്കജനകമാണ്.
കോവിഡ് നിയന്ത്രണത്തിൽ വന്നാൽ മാത്രമേ ജനങ്ങൾ ഭീതിയില്ലാതെ പുറത്തിറങ്ങുകയുള്ളു. എല്ലാ മേഖലയും സജീവമാകണമെങ്കിൽ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങണം. കാരണം, എല്ലാ മേഖലയും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. മഴക്കാലം കൂടി വന്നാൽ എന്താകും അവസ്ഥയെന്ന ആശങ്കയുമുണ്ട്.
ആഘോഷങ്ങളും കല്യാണങ്ങളും ഒക്കെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല. നടക്കുന്ന കല്യാണങ്ങൾക്കാണെങ്കിൽ വരനും വധുവിനും മാത്രമാണ് കാര്യമായി വസ്ത്രങ്ങൾ എടുക്കുന്നത്. കുടുംബാംഗങ്ങൾക്കൊക്കെ എടുക്കുന്ന പതിവ് ഇല്ലാതായി. സാഹചര്യം അനുകൂലമായി വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.