മുംബൈ: രാജ്യത്ത് ലോക്ഡൗണിനെ തുടർന്ന് സ്ഥിരമായി അടച്ചുപൂട്ടിയത് ഏഴുലക്ഷത്തിലധികം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ. പണ ലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് കാരണമായതായി പറയുന്നു. ലോക്ഡൗണിന് ശേഷവും ഇവ തുറന്നുപ്രവർത്തിക്കില്ലെന്നാണ് വിവരം.
നേരത്തേ മൊബൈൽ കടകൾ തുറന്നുപ്രവർത്തിക്കുന്നതിന് ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ വിൽപന നടത്തുന്ന കടകളിൽ 60 ശതമാനത്തോളം പിന്നീട് തുറന്നില്ലെന്നാണ് വിവരം. 1,50,000 ത്തോളം കടകളാണ് ഇത്തരത്തിൽ പ്രവർത്തനം നിലച്ചത്. ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചടക്കാർ കടത്തിന് സാധനങ്ങൾ നൽകാത്തതും തിരിച്ചടിയായി. നേരത്തേ ചെറുകിട കച്ചവടക്കാർക്ക് പണം നൽകാൻ ഏഴുമുതൽ 21 ദിവസം വരെ കാലാവധി മൊത്തക്കച്ചവടക്കാർ അനുവദിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പണം തിരിച്ചടക്കാൻ കഴിയുമോ എന്ന ആശങ്കയാണ് മൊത്തക്കച്ചവടക്കാരിൽ ആശങ്ക ഉയർത്തിയത്.
ചെറുകിട കടകളിലും വഴിയോരങ്ങളിലും ചായ കച്ചവടം നടത്തിയിരുന്ന 10 ശതമാനത്തോളം പേർ തങ്ങളുടെ കച്ചവടം എന്നന്നേക്കുമായി അവസാനിപ്പിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലായി ഇത്തരത്തിൽ 5.8 ലക്ഷത്തോളം പേരാണ് ഈ കച്ചവടത്തിൽനിന്ന് പിന്തിരിഞ്ഞതെന്ന് പാർലെ കമ്പനി അധികൃതർ പറയുന്നു. ഇതിൽ ഭൂരിഭാഗം േപരും സ്ഥിരമായി കച്ചവടം അവസാനിപ്പിച്ചു. ഈ മേഖലയിൽ തൊഴിലെടുത്തിരുന്ന ഭൂരിഭാഗം പേരും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയതായും പാർലെ കാറ്റഗറി തലവൻ ബി. കൃഷ്ണ റാവു പറഞ്ഞു.
ഇത്തരത്തിൽ കച്ചവടം അവസാനിപ്പിച്ച ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളും കോവിഡ് നിയന്ത്രണത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ഇവ വീണ്ടും തുറക്കണമെങ്കിൽ സുരക്ഷിതത്വവും തൊഴിലാളികളെയും ലഭ്യമാക്കണം -ഗോദ്റേജ് ഇന്ത്യ സി.ഇ.ഒ സുനിൽ കറ്റാരിയ പറഞ്ഞു.
10 മുതൽ 12 ദശലക്ഷം വരെ ചെറുകിട സ്ഥാപനങ്ങളും ഉപഭോക്തൃ സ്ഥാപനങ്ങളുമാണ് രാജ്യത്തുള്ളത്. പക്ഷേ ഇതിൽ ഭൂരിഭാഗവും ഉൾപ്രദേശങ്ങളിലാണ്. സ്ഥിര ചിലവും വിതരണത്തിലെ ബുദ്ധിമുട്ടും ജീവനക്കാരുടെ അഭാവവും ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടിയാകും. അതിനാൽ തന്നെ ഇവയുടെ പ്രവർത്തന ചിലവ് കൂടുതലായിരിക്കും. തുക താങ്ങാൻ കഴിയാതെ വരുന്നതോടെ അവർ സ്ഥിരമായി അടച്ചുപൂട്ടുന്നതിന് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.