അദാനിക്കെതിരെ അന്വേഷണം നടത്താൻ ആറ് മാസം കൂടി വേണമെന്ന് സെബി; അംഗീകരിക്കാതെ കോടതി

ന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. ‘സെബി’ ചോദിച്ച ആറുമാസം കൂടി അനുവദിക്കാനാവില്ല. ഉചിതമായ സമയമെന്ന നിലക്ക് മൂന്നുമാസം കൂടി നൽകാമെന്ന് വ്യക്തമാക്കിയ കോടതി, സമയം നീട്ടി ചോദിച്ച ‘സെബി’യുടെ അപേക്ഷയിൽ തിങ്കളാഴ്ച വിധി പറയുമെന്നും കൂട്ടിച്ചേർത്തു.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സപ്രെയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചുവെന്നും അത് പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

രണ്ടുമാസമായിരുന്നു ‘സെബി’ക്ക് സുപ്രീംകോടതി നൽകിയിരുന്നതെന്നും ആറുമാസം കൂടി വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോഴാണ് അന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് സപ്രെ കമ്മിറ്റിക്കും ‘സെബി’ക്കും അന്വേഷണത്തിന് രണ്ടു മാസം സമയം നൽകിയതാണ്. ഇനി ആറുമാസം നീട്ടി ചോദിക്കുന്നത് ഉചിതമല്ല. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് സുപ്രീംകോടതി പ്രതീക്ഷിച്ചത്. സമയം നീട്ടി നൽകില്ലെന്ന് പറയുന്നില്ല. എന്നാൽ, ആറു മാസം ചോദിക്കുന്നത് അനുചിതമാണ്. ഉചിതമായ സമയമെന്ന നിലക്ക് മൂന്ന് മാസം അനുവദിക്കാം. മൂന്ന് മാസം സമയം തന്ന് ആഗസ്റ്റ് 14ന് കേസ് വീണ്ടും പരിഗണനക്ക് എടുക്കാനാകുമോ എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സോളിസിറ്റർ ജനറലിനോട് ചോദിച്ചു.

അന്തർദേശീയ ധനകാര്യ വിവര കൈമാറ്റ സംഘടനയായ ‘അയോസ്കോ’യിൽ (ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് സെക്യുരിറ്റീസ് കമീഷൻസ്) അംഗമായ ‘സെബി’ക്ക് ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗങ്ങളായ ആ സംഘടന വഴി ആവശ്യമായ വിവരങ്ങൾ കാലതാമസമില്ലാതെ സമാഹരിക്കാവുന്നതാണെന്ന് ഹരജിക്കാരിലൊരാളായ അനാമിക ജയ്സ്വാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്ത് സാമ്പത്തിക ഇടപാടും ചോദിക്കാമെന്നാണ് ഇതിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷൺ പറഞ്ഞത് ശരിയാണെന്നും എന്നാൽ, ‘സെബി’ അവരെ സമീപിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. കാലാവധി നീട്ടാനുള്ള ‘സെബി’യുടെ അപേക്ഷയെ പ്രശാന്ത് ഭൂഷൺ എതിർത്തു. അദാനി വിവാദത്തിന് സമാനമായ വിദേശ ബിനാമി നിക്ഷേപത്തെയും മൊറീഷ്യസ് അടക്കമുള്ള രാജ്യങ്ങളിലെ കടലാസു കമ്പനികളെ കുറിച്ചും 2017 മുതൽ ‘സെബി’ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്തുനിന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്കായി 2022 ഡിസംബറിൽ ‘സെബി’ ഇറക്കിയ മാസ്റ്റർ സർക്കുലർ പ്രകാരം തങ്ങളുടെ നിക്ഷേപത്തിന്റെ ആത്യന്തിക ഗുണഭോക്താവ് ആരാണെന്ന് ഓരോ വിദേശ നിക്ഷേപകനും വെളിപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ ‘സെബി’ക്ക് ഇനിയും സമയം നൽകരുതെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. പാതിവഴിയിൽ അന്വേഷണ പുരോഗതി ചോദിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അദ്ദേഹത്തോട് പറഞ്ഞു.

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സെബിയുടെ നിയന്ത്രണ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് പാർലമെന്റ് മറുപടി ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ ‘സെബി’ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ‘സെബി’യുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തിരുത്തി.

Tags:    
News Summary - Adani-Hindenburg row: SC may give 3-month extension to SEBI to complete probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT