ആമസോൺ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ; കൂട്ടപിരിച്ചുവിടലിന്റെ കാരണം വിശദീകരിച്ച് കമ്പനി

വാഷിങ്ടൺ: ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ കഴിഞ്ഞ മാസങ്ങളിൽ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ. ജൂൺ പാദത്തിലെ റിപ്പോർട്ടിലാണ് ആമസോൺ ഇക്കാര്യം അറിയിച്ചത്. മൊത്തം ജീവനക്കാരിൽ ആറ് ശതമാനത്തെയാണ് ആമസോൺ ഇത്തരത്തിൽ ഒഴിവാക്കിയത്. ഒരുപാദത്തിൽ ഇതാദ്യമായാണ് ആമസോൺ ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്.

ആമസോൺ മാത്രമല്ല സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഷോപിഫൈ എന്നീ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗ്ൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും റിക്രൂട്ട്മെന്റിന്റെ വേഗം കുറച്ചു.

ജൂണിന്റെ അവസാനത്തിൽ 15,23,000 ജീവനക്കാരാണ് കമ്പനിയിലുള്ളതെന്ന് ആമസോൺ അറിയിച്ചു. ഇതിൽ കരാർ ജീവനക്കാരും പാർട്ട്ടൈം ജോലിക്കാരും ഉൾപ്പെടുന്നില്ല. മാർച്ച് മാസത്തിന്റെ അവസാനം 16,22,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്. ജീവനക്കാരുടെ എണ്ണം കൂടിയതാണ് കൂട്ടപിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് ആമസോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബ്രിയാൻ ഒലസാവസ്കിയുടെ വാദം. നിരവധി ജീവനക്കാർ അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെ കമ്പനിയിൽ ജോലിക്കാരുടെ എണ്ണം വർധിച്ചുവെന്നാണ് ആമസോണിന്റെ വാദം.

അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും ഗൂഗ്ൾ പുതുതായുള്ള റിക്രൂട്ട്മെന്റിന്റെ വേഗം കുറച്ചിട്ടുണ്ട്. ഈ വർഷം വലിയ രീതിയിലുള്ള റിക്രൂട്ട്മെന്റ് ഉണ്ടാവില്ലെന്നാണ് സി.ഇ.ഒ സുന്ദർ പിച്ചെ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്.

Tags:    
News Summary - Amazon fired nearly 1 lakh employees in the past few months, here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.