തൃശൂർ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. മുംബൈയിൽ മധ്യമേഖല ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച നടത്തിയ അനുരഞ്ജന ചർച്ചയിലെ ധാരണപ്രകാരമാണ് പണിമുടക്ക് മാറ്റിയത്.
31ന് വീണ്ടും ചർച്ച നടത്താനും തീർപ്പായില്ലെങ്കിൽ അടുത്ത ചർച്ചക്കുള്ള തീയതി അന്നുതന്നെ തീരുമാനിക്കാനുമാണ് ധാരണ. അഞ്ച് പ്രവൃത്തി ദിനം, പെൻഷൻ പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ എന്നീ ആവശ്യങ്ങളിൽ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ സംയുക്തമായി ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) ചർച്ച നടത്തും. മറ്റു വിഷയങ്ങൾ ഇരു വിഭാഗം സംഘടനകളുമായി പ്രത്യേകം ചർച്ച ചെയ്യും.
ശമ്പള പരിഷ്കരണ നടപടി തുടങ്ങാൻ ബാങ്കുകൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഐ.ബി.എ പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യം ബാങ്കിങ് സേവനവുമായി ബന്ധപ്പെടുന്ന എല്ലാ വിഭാഗങ്ങളുമായി ചർച്ചചെയ്ത് ഒരു മാസത്തിനകം തീരുമാനിക്കാനും ധാരണയായി.
ഓഫിസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.