ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിന്റെ അവതരണം തുടങ്ങിയത്. എന്നാൽ, തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അവതരിപ്പിച്ച ബജറ്റിൽ ഇതിന് വേണ്ടിയുള്ള കാര്യമായ നിർദേശങ്ങളില്ല. ജൂലൈയിൽ അവതരിപ്പിക്കുന്ന പൂർണ ബജറ്റിൽ വികസിത ഇന്ത്യക്കുള്ള നിർദേശങ്ങൾ ഉൾപ്പെടുമെന്നാണ് ധനമന്ത്രിയുടെ അവകാശവാദം.
നാല് വിഭാഗങ്ങൾക്കാവും ബജറ്റിൽ ഊന്നൽ നൽകുകയെന്ന് ധനമന്ത്രി ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് നിർമല സീതാരാമന്റെ ബജറ്റ് ഊന്നൽ നൽകുന്നത്. സാമൂഹിക നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഭരണമാവും നടത്തുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സുതാര്യതയായിരിക്കും ഭരണത്തിന്റെ മുഖമുദ്ര. ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ധനമന്ത്രി മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അതിന് വേണ്ടിയുള്ള നിർദേശങ്ങൾ ഇടക്കാല ബജറ്റിൽ ഇടംപിടിച്ചിട്ടില്ല.
എല്ലാവരും പ്രതീക്ഷിച്ചത് പോലെ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ തുക ധനമന്ത്രി വർധിപ്പിച്ചിട്ടില്ല. കർഷകരെ കൈയിലെടുക്കാൻ 2019ൽ അവതരിപ്പിച്ച പദ്ധതിയുടെ തുക തെരഞ്ഞെടുപ്പ് വർഷത്തിൽ വർധിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. യുവാക്കൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ കോർപ്പസ് ഫണ്ട്, അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ, 300 യൂണിറ്റ് സോളാർ വൈദ്യുതി, റെയിൽവേ ഇടനാഴി എന്നിവയെല്ലാമാണ് ഈ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ. 35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ സൃഷ്ടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള മാർഗങ്ങളെ കുറിച്ച് ധനമന്ത്രി നിശബ്ദത പാലിക്കുകയാണ്.
ധനകമ്മി അടുത്ത സാമ്പത്തിക വർഷത്തിൽ 5.1 ശതമാനത്തിൽ നിർത്തുമെന്ന് ബജറ്റ് പറയുന്നു. അടിസ്ഥാന സൗകര്യ വികസനമേഖലക്കായി 11.1 ലക്ഷം കോടി രൂപ ഇക്കുറി മാറ്റിവെക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
യു.പി.ഐ, പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇൻസെന്റീവ്, ആയുഷ്മാൻ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ജൻധൻ സ്കീം, സ്റ്റാർട്ട് അപ് ഇന്ത്യ, മുദ്ര തുടങ്ങി നരേന്ദ്ര മോദി സർക്കാറിന്റെ പ്രധാനനേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.